മാഡ്രിഡ് ഡാർബിയും റയൽ മാഡ്രിഡ് സ്വന്തമാക്കി. ഈ സീസണിൽ തുടർ വിജയങ്ങളുമായി മുന്നേറുന്ന ആഞ്ചലോട്ടിയുടെ ടീം ഇന്ന് സ്വന്തം നാട്ടിലെ വൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തു. മെട്രോപൊളിറ്റാനോയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡിന്റെ വിജയം.
ഇന്ന് അത്ലറ്റിക്കോ മാഡ്രിഡ് നന്നായി കളി തുടങ്ങി എങ്കിലും കിട്ടിയ ആദ്യ അവസരം തന്നെ ഗോളാക്കി മാറ്റി ലീഡ് എടുത്തത് റയൽ മാഡ്രിഡ് ആയിരുന്നു. 18ആം മിനുട്ടിൽ ആയിരുന്നു ഗോൾ. ചൗമെനി നൽകിയ കൃത്യമായ ലോബ് ബോൾ ഡിഫൻസിനെ മറികടന്ന് മുന്നേറിയ റോഡ്രിഗോ ഫസ്റ്റ് ടച്ചിൽ ലക്ഷ്യത്തിൽ എത്തിച്ചു. ഈ ഗോളിൽ ചൗമെനിയുടെ പാസിന്റെ ടൈമിംഗ് അത്ര മികച്ചതായിരുന്നു.
36ആം മിനുട്ടിൽ വാല്വെർദെയിലൂടെ ആയിരുന്നു റയലിന്റെ രണ്ടാം ഗോൾ. വിൻസീഷ്യസ് ഇടതു വിങ്ങിലൂടെ കുതിച്ച് വന്ന് ഒരു ഷോട്ട് തൊടുത്തു എങ്കിലും പന്ത് പോസ്റ്റി തട്ടി മടങ്ങി. ഈ സമയത്ത് റീബൗണ്ടിലൂടെ ആയിരുന്നു വാല്വെർദെ ഗോൾ കണ്ടെത്തിയത്. 2-0
ആദ്യ പകുതിയിലെ ഈ ലീഡിൽ റയൽ മുന്നോട്ട് പോയി. മത്സരത്തിന്റെ 83ആം മിനുട്ടിൽ ഒരു സെറ്റ് പീസിൽ നിന്ന് അത്ലറ്റിക്കോ മാഡ്രിഡ് ഒരു ഗോൾ മടക്കി. ഹെർമോസോ ആയിരുന്നു ഗോൾ മടക്കിയത്. ഇത് കളിയുടെ അവസാനം ആവേശകരമാക്കി. അവസാന മിനുട്ടിൽ ഹെർമോസോ ചുവപ്പ് കാർഡ് വാങ്ങി പോയത് അത്ലറ്റിക്കോക്ക് തിരിച്ചടിയായി. ഫൈനൽ വിസിൽ വന്നപ്പോൾ ജയം റയലിനൊപ്പം നിന്നു.
ഈ വിജയം റയലിന്റെ ഈ സീസണിലെ തുടർച്ചയായ ഒമ്പതാം വിജയമാണ്. ലീഗിൽ 18 പോയിന്റുമായി ബാഴ്സലോണയെ മറികടന്ന് റയൽ മാഡ്രിഡ് വീണ്ടും ഒന്നാമത് എത്തി. അത്ലറ്റിക്കോ ഏഴാം സ്ഥാനത്താണ് ഉള്ളത്.