സ്പാനിഷ് ലാ ലീഗയിൽ സെവിയ്യയെ 4-2 നു തോൽപ്പിച്ചു റയൽ മാഡ്രിഡ് ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. നിലവിൽ ഒന്നാം സ്ഥാനക്കാർ ആയ അത്ലറ്റികോ മാഡ്രിഡും ആയി ഒരു പോയിന്റ് വ്യത്യാസം മാത്രമാണ് അവർക്ക് ഉള്ളത്. മത്സരത്തിൽ പത്താം മിനിറ്റിൽ റോഡ്രിഗോയുടെ പാസിൽ നിന്നു ഉഗ്രൻ ലോങ് റേഞ്ച് ഗോളിലൂടെ കിലിയൻ എംബപ്പെയാണ് റയലിന്റെ ഗോൾ വേട്ട തുടങ്ങിയത്. 20 മത്തെ മിനിറ്റിൽ കാമവിങയുടെ പാസിൽ നിന്നു സമാനമായ ഉഗ്രൻ ഗോൾ നേടിയ ഫെഡറിക്കോ വാൽവെർഡെ റയലിന് രണ്ടാം ഗോൾ സമ്മാനിച്ചു.
34 മത്തെ മിനിറ്റിൽ ലൂകാസ് വാസ്കസിന്റെ പാസിൽ നിന്നു ഗോൾ നേടിയ റോഡ്രിഗോ ഏതാണ്ട് റയൽ ജയം ഉറപ്പിച്ചു. എന്നാൽ തൊട്ടടുത്ത മിനിറ്റിൽ സെവിയ്യ ഇസാക് റൊമേറോയുടെ ഗോളിൽ ഒരു ഗോൾ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ 53 മത്തെ മിനിറ്റിൽ എംബപ്പെയുടെ പാസിൽ നിന്നു ഗോൾ നേടിയ ബ്രാഹിം ഡിയാസ് റയൽ ജയം ഉറപ്പിച്ചു. മത്സരത്തിൽ 85 മത്തെ മിനിറ്റിൽ ലുകബാകികോ സെവിയ്യക്ക് ആയി ആശ്വാസ ഗോൾ നേടി. ലാ ലീഗ കിരീട പോരാട്ടത്തിൽ തങ്ങൾ ശക്തമായി ഉണ്ടാവും എന്ന സൂചന ആണ് ഇന്ന് റയൽ നൽകിയത്.