ബാറ്റ്സ്മാന്മാര്‍ അടിച്ച് തകര്‍ത്ത് മികച്ച സ്കോര്‍ നേടി കൊടുത്ത ശേഷം ഡെത്ത് ബൗളിംഗിലെ പോരായ്മ കൊണ്ട് മത്സരം കൈവിടുന്നത് പതിവ് കാഴ്ചയാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ കാര്യത്തില്‍. ഇത്തവണ ഡെത്ത് ബൗളിംഗിലെ കാര്യങ്ങള്‍ നോക്കുവാന്‍ പോകുന്ന ബൗളിംഗ് ലൈനപ്പാണ് ഉള്ളതെന്നാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ മുന്‍ നിര സ്പിന്നര്‍ യൂസുവേന്ദ്ര ചഹാല്‍ പറയുന്നത്.
ഡെയില്‍ സ്റ്റെയിന്‍, നവ്ദീപ് സൈനി, ക്രിസ് മോറി, ഉമേഷ് യാദവ് എന്നിവരുടെ സാന്നിദ്ധ്യം അവസാന ഓവറുകളെക്കുറിച്ചുള്ള അലട്ടുന്ന ചിന്തകള്‍ വിദൂരമാക്കിയിട്ടുണ്ടെന്നാണ് ചഹാല്‍ പറയുന്നത്. യുഎഇയിലെ വിക്കറ്റുകളില്‍ സ്പിന്നര്‍മാര്‍ക്കും അവസാന ഓവറുകളില്‍ മികവ് കണ്ടെത്താനാകുമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ചഹാല്‍ വ്യക്തമാക്കി.
സ്പിന്നര്‍മാരുടെ നിര പരിശോധിച്ചാല്‍ തനിക്ക് പുറമെ വാഷിംഗ്ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, മോയിന്‍ അലി എന്നിവരും ഉണ്ടെന്നതിനാല്‍ തന്നെ യുഎഇയിലെ പിച്ചുകളില്‍ ആര്‍സിബിയ്ക്ക് മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ ചഹാല്‍ ആഡം സംപയെക്കൂടി ടീമിലെത്തിച്ചതോടെ ആര്‍സിബി സ്പിന്‍ നിരയും ബൗളിംഗ് നിരയും കരുത്തുറ്റതായിട്ടുണ്ടെന്ന് വ്യക്തമാക്കി.