കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ അമരത്തേക്ക് ഹിദായത്ത് റാസി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പുതിയ സീസണായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് യൂത്ത് ടീമുകൾ പുത്തനുണർവ് നൽകാൻ ഹിദായത്ത് റാസി എന്ന റാസി എത്തുകയാണ്. കേരള ഫുട്ബോളിലെ സജീവ മുഖമായ റാസി കേരള ബ്ലാസ്റ്റേഴ്സിന്റെ യൂത്ത് ടീമുകളുടെ മാനേജറായി സ്ഥാനം ഏറ്റെടുത്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ റിസേർവ്സ് ടീമിന്റെയും അണ്ടർ 18 ടീമിന്റെയും ചുമതലയിലേക്കാണ് റാസി എത്തിയിരിക്കുന്നത്.

അണ്ടർ 18 ടീമും റിസേർവ്സ് ടീമും അവരുടെ സീസൺ ആരംഭിക്കാൻ ഇരിക്കുകയാണ്. അണ്ടർ 18 ടീമിനെ കാത്തു നിൽക്കുന്നത് ഈ ആഴ്ച ആരംഭിക്കുന്ന അണ്ടർ 18 ലീഗ് കേരള സോൺ മത്സരങ്ങളാണ്. റിസേർവ്സ് ടീമിന്റെ സീസണിൽ രണ്ട് വലിയ ടൂർണമെന്റുകളാണ് മുന്നിൽ ഉള്ളത്. കേരള പ്രീമിയർ ലീഗിലും ഒപ്പം സെക്കൻഡ് ഡിവിഷൻ ഐ ലീഗിലും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഇറങ്ങുന്നുണ്ട്.

സെക്കൻഡ് ഡിവിഷൻ ഐലീഗിൽ കേരളത്തെ പ്രതിനിധീകരിച്ച് കളിക്കുന്ന ഒരേയൊരു ടീം കേരള ബ്ലാസ്റ്റേഴ്സ് ആണ്. ഗോകുലം കേരള എഫ് സിയിൽ നിന്നാണ് റാസി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. ഗോകുലത്തിനൊപ്പം ക്ലബ് ആരംഭം മുതൽ ഈ യുവ ഫുട്ബോൾ സ്നേഹി ഉണ്ടായിരുന്നു. പരിശീലകനെന്ന നിലയിൽ നേരത്തെ തന്നെ കഴിവ് തെളിയിച്ച റാസി മുമ്പ് മലപ്പുറം എഫ് സിയുടെ പരിശീലകനായിട്ടുണ്ട്.

ഗോകുലം കേരള എഫ് സിയുടെ യൂത്ത് ടീമുകളുടെ മാനേജറായി പ്രവർത്തിച്ചിരുന്നു. ഗോകുലം വനിതാ ഐലീഗിൽ പങ്കെടുത്തപ്പോൾ വനിതാ ടീമിന്റെ മാനേജറും റാസി ആയിരുന്നു. കേരള ഫുട്ബോളിന്റെ ഗ്രാസ് റൂട്ട് മേഖലയിൽ പ്രവർത്തിച്ചു പരിചയമുള്ള റാസി ബ്ലാസ്റ്റേഴ്സിനൊപ്പം എത്തുന്നത് ടീമിന് മികച്ച യുവതാരങ്ങളെ കണ്ടെത്തുന്നതിനും സഹായകമാകും. റാസിയുടെ മികവ് കേരള ബ്ലാസ്റ്റേഴ്സിന്റെ യുവനിരയ്ക്ക് ഏറെ ഗുണം ചെയ്യും എന്നുതന്നെയാണ് ഫുട്ബോൾ നിരീക്ഷകരും വിലയിരുത്തുന്നത്.