ഇന്ത്യ – വിന്‍ഡീസ് ആദ്യ ഏകദിനത്തില്‍ രവീന്ദ്ര ജഡേജ ഔട്ടായ രീതി ശരിയല്ലന്ന് അഭിപ്രായപ്പെട്ട് വിരാട് കോഹ്ലി. ചെന്നൈയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍ ഇന്നിംഗ്സിന്റെ 48ാം ഓവറിലാണ് സംഭവം. ഷോര്‍ട്ട് മിഡോഫില്‍ നിന്ന് റോഷ്ടണ്‍ ചേസ് എറിഞ്ഞ പന്ത് വിക്കറ്റില്‍ കൊണ്ടുവെങ്കിലും താരത്തിന്റെ അപ്പീല്‍ ഓണ്‍ ഫീല്‍ഡ് അമ്പയര്‍ നിരസിക്കുകയായിരുന്നു. എന്നാല്‍ പിന്നീട് ടെലിവിഷന്‍ ബ്രോഡ്കാസ്റ്റര്‍ പ്രക്ഷേപണം ചെയ്ത ഫ്രെയിമില്‍ താരം ക്രീസിലെത്തിയില്ലെന്ന് കാണുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കീറണ്‍ പൊള്ളാര്‍ഡും മറ്റു താരങ്ങളും വീണ്ടും അപ്പീല്‍ ചെയ്യുകയും അമ്പയര്‍ മൂന്നാം അമ്പയറെ സമീപിക്കുകയായിരുന്നു.
ഇത്തരത്തില്‍ വൈകി വിധി കല്പിച്ചതില് വിരാട് കോഹ്ലി അതൃപ്തി രേഖപ്പെടുത്തുകയും നാലാം അമ്പയറോട് വിശദീകരണം ചോദിക്കുകയും ഉണ്ടായിരുന്നു. അമ്പയര്‍ ആദ്യം നോട്ട് ഔട്ട് വിധിച്ചപ്പോള്‍ തന്നെ ആ സംഭവം അവിടെ തീര്‍ന്നുവെന്നും പുറത്ത് ടീവിയില്‍ നിന്ന് കണ്ട് ആളുകള്‍ അപ്പീല്‍ ചെയ്യുവാന്‍ ആവശ്യപ്പെടുന്നത് താന്‍ ക്രിക്കറ്റില്‍ ഇതിന് മുമ്പ് കണ്ടിട്ടില്ലെന്നും വിരാട് കോഹ്ലി വ്യക്തമാക്കി. ഈ സംഭവം നടന്നില്ലായിരുന്നുവങ്കില് ഇന്ത്യയ്ക്ക് 15-20 റണ്‍സ് അധികം ലഭിച്ചേനെ എന്നും കോഹ്ലി പറഞ്ഞു.
എന്നാല്‍ ശരിയായ തീരുമാനമാണ് നടപ്പിലായതെന്നും അതാണ് ഏറ്റവും പ്രധാനമെന്നും വിന്‍ഡീസ് ക്യാപ്റ്റന്‍ കീറണ്‍ പൊള്ളാര്‍ഡ് വ്യക്തമാക്കി. ആദ്യം അമ്പയര്‍ തീരുമാനം എടുത്തില്ലെങ്കിലും അവസാനം ശരിയായ തീരുമാനം എടുത്തതാണ് പ്രധാനമെന്നും പൊള്ളാര്‍ഡ് പറഞ്ഞു.