എട്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പ്രതിരോധം തകര്‍ത്ത് റഷീദ് ഖാന്‍, ഷോണ്‍ വില്യംസ് പൊരുതുന്നു

Sports Correspondent

അഫ്ഗാനിസ്ഥാനെതിരെ സിംബാബ്‍വേയുടെ ചെറുത്തുനില്പിന്റെ പ്രതീകമായ എട്ടാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഷീദ് ഖാന്‍. 95 റണ്‍സ് നേടിയ ഡൊണാള്‍ഡ് ടിരിപാനോയ്ക്ക് തന്റെ അര്‍ഹമായ ശതകം നേടുവാന്‍ അവസരം നല്‍കാതെ റഷീദ് വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ ഇന്നിംഗ്സിലെ തന്റെ ആറാം വിക്കറ്റാണ് റഷീദ് ഖാന്‍ നേടിയത്.

ലഞ്ചിന് പിരിയുവാന്‍ ഏതാനും ഓവറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സിംബാബ്‍വേയ്ക്ക് ഈ കനത്ത തിരിച്ചടിയേറ്റത്. വില്യംസ് – ടിരിപാനോ കൂട്ടുകെട്ട് എട്ടാം വിക്കറ്റില്‍ 187 റണ്‍സാണ് നേടിയത്. അഞ്ചാം ദിവസം രണ്ട് സെഷനുകള്‍ ബാക്കി നില്‍ക്കെ 72 റണ്‍സ് ലീഡ് കൈവശമുള്ള സിംബാബ്‍വേ 330/8 എന്ന നിലയില്‍ ആണ്.

137 റണ്‍സ് നേടിയ ഷോണ്‍ വില്യംസ് വാലറ്റത്തിനോടൊപ്പം എത്ര റണ്‍സ് കണ്ടെത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും മത്സരത്തിന്റെ ഫലം നിര്‍ണ്ണയിക്കപ്പെടുക.