ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതാ പ്രതീക്ഷ മാഞ്ചസ്റ്റർ യുണൈറ്റഡ് കാത്തു. ഇന്ന് നടന്ന നിർണായക മത്സരത്തിൽ ഇത്തിരി കഷ്ടപ്പെട്ടു എങ്കിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ക്രിസ്റ്റൽ പാലസിനെതിറ് വിജയിക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡിനായി. മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റാക്കിംഗ് കൂട്ടുകെട്ടായ മാർഷ്യലും റാഷ്ഫോർഡും ഒപ്പം ഗോൾ കീപ്പർ ഡിഹിയയുമാണ് ഇന്നത്തെ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.
മത്സരത്തിൽ പതിയെ തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് ആദ്യ ഗോൾ ലഭിച്ചത് ഹാഫ് ടൈമിന് തൊട്ടു മുന്നെ മാത്രമാണ്. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച റാഷ്ഫോർഡ് പാലസ് ഡിഫൻസിനെ ആകെ ഒരു ദിശയിലേക്ക് പറഞ്ഞയച്ച് മറു വശത്ത് വല കുലുക്കുകയായിരുന്നു. രണ്ടാം പകുതിയിൽ പാലസിന്റെ തുടർ ആക്രമണങ്ങൾ വരുന്നതിനിടയിൽ ആയിരുന്നു യുണൈറ്റഡിന്റെ രണ്ടാം ഗോൾ.
മനോഹരമായ നീക്കത്തിൽ റാഷ്ഫോർഡിന്റെ പാസ് സ്വീകരിച്ച് മാർഷ്യൽ ആണ് വല കുലുക്കിയത്. ഈ ഗോളുകളോടെ മാർഷ്യലിനും റാഷ്ഫോർഡിനും പ്രീമിയർ ലീഗിൽ ഈ സീസണിൽ 17 ഗോളുകൾ വീതമായി. ഇന്നത്തെ മത്സരത്തിൽ യുണൈറ്റഡിനെ പലപ്പോഴും രക്ഷിച്ചത് ഗോൾ കീപ്പർ ഡിഹിയയുടെ ഗംഭീര സേവുകൾ ആയിരുന്നു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന് 62 പോയന്റായി. ഇപ്പ്പൊഴും മാഞ്ചസ്റ്റർ യുണൈറ്റഡ് പക്ഷെ അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. നാലാമത് ഉള്ള ലെസ്റ്റർ സിറ്റിക്കും 62 പോയന്റാണ് ഉള്ളത്. മൂന്നാമതുള്ള ചെൽസി 63 പോയന്റിലും നിൽക്കുന്നു. ഇനി ലീഗിൽ രണ്ട് മത്സരങ്ങൾ മാത്രമേ ശേഷിക്കുന്നുള്ളൂ. അതിൽ അവസാന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്ററും നേർക്കുനേർ വരുന്നുണ്ട്.