ഇന്ന് ട്വിറ്ററിൽ കയറി റാഷ്ഫോർഡിന്റെ ടൈം ലൈൻ നോക്കിയാൽ സന്തോഷം കൊണ്ട് കണ്ണ് നിറയാനെ മനുഷ്യ സ്നേഹം ഇത്തിരി എങ്കിലും മനസ്സിലുള്ളവർക്ക് സാധിക്കുകയുള്ളൂ. മുമ്പ് പ്രളയ കാലത്ത് നമ്മുടെ നാട്ടിൽ മനുഷ്യർ മനുഷ്യരെ ഒരു സ്വാർത്ഥ താല്പര്യവുമില്ലാതെ സഹായിക്കുന്നത് കാണുമ്പോൾ നമ്മുക്ക് ഒക്കെ തോന്നിയ അതേ വികാരമാണ് അങ്ങ് ഇംഗ്ലണ്ടിലെ ഇപ്പോഴത്തെ കാഴ്ചകളിലും ആവർത്തിക്കുന്നത്.
ഇംഗ്ലണ്ടിൽ ദരിദ്രരായ വിദ്യാർത്ഥികൾ ഉച്ച ഭക്ഷണം ഉറപ്പിക്കാൻ വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കറായ റാഷോർഡ് നടത്തുന്ന പോരാട്ടങ്ങൾ തുടങ്ങിയിട്ട് കാലം കുറച്ചായി. പ്രായം 22 മാത്രമെ ഉള്ളൂ എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ മാർക്കസ് റാഷ്ഫോർഡിന്റെ പോരാട്ടങ്ങൾ താരത്തെ ഇംഗ്ലണ്ടിൽ വലിയ ഹീറോ ആക്കി മാറ്റിയിരുന്നു. ഇംഗ്ലണ്ടിലെ 1.3മില്യണോളം വരുന്ന സ്കൂൾ കുട്ടികൾക്ക് വേനൽ അവധിക്കാലത്ത് ഭക്ഷണം നൽകേണ്ട എന്ന ഗവൺമെന്റ് തീരുമാനത്തെ എതിർത്തായിരുന്നു ആദ്യ റാഷ്ഫോർഡ് രംഗത്ത് വന്നത്. കുട്ടികൾക്ക് ഉള്ള ഭക്ഷണം നിർത്തുന്നത് ശരിയല്ല എന്നും ഇതിനെതിരായി രാജ്യം മുഴുവനും പ്രതികരിക്കണം എന്നുമുള്ള റാഷ്ഫോർഡിന്റെ അഭ്യർത്ഥന അന്ന് ഇംഗ്ലണ്ടിൽ വലിയ രാഷ്ട്രീയ ചർച്ച ആയി ഉയർന്നു. നാടു മുഴുവൻ മുന്നോട്ടു വന്നതോടെ ഗവണ്മെന്റ് തങ്ങളുടെ തീരുമാനം മാറ്റി എല്ലാ കുട്ടികൾക്കും ഭക്ഷണം ഉറപ്പാക്കും എന്ന് വിധി എഴുതി.
അത് കഴിഞ്ഞിട്ട് മാസങ്ങളെ ആയുള്ളൂ. ഇപ്പോൾ അർധ വാർഷിക പരീക്ഷയുടെ സമയത്തും ഈ ഭക്ഷണം നൽകണം എന്നും കുട്ടികളെ പട്ടിണിക്ക് ഇടരുത് എന്നും റാഷ്ഫോർഡ് ഗവണ്മെന്റിനോട് ആവശ്യപ്പെട്ടു. എന്നാൽ ഇത്തവണ ഗവണ്മെന്റ് റാഷ്ഫോർഡിന്റെ അഭ്യർത്ഥന തള്ളി. ഭക്ഷണം കുട്ടികൾക്ക് നൽകാൻ കഴിയില്ല എന്ന് ഭരണകർത്താക്കാൾ വോട്ട് ചെയ്തു തീരുമാനിച്ചു.
റാഷ്ഫോർഡ് തളർന്നില്ല. കുട്ടികൾക്ക് വേണ്ടി ഗവൺമെന്റ് മുന്നോട്ട് വരില്ല എങ്കിൽ സമൂഹം മുന്നോട്ട് വരണം എന്ന് ഈ യുവ ഫുട്ബോൾ താരം അവശ്യപ്പെട്ടു. ആ ആവശ്യം ഉന്നയിച്ച് 24 മണിക്കൂറുകൾക്ക് അകം ആയിര കണക്കിന് പേർ റാഷ്ഫോർഡിന് പിന്തുണയുമായി എത്തി. ഇതല്ല അത്ഭുതമായത് നൂറു കണക്കിന് റെസ്റ്റോറന്റുകളും ഭക്ഷണശാലകളും ഫുഡ് ബാങ്കുകളും റാഷ്ഫോർഡിന് ഒപ്പം നിന്നു. അർഹരായ വിദ്യാർത്ഥികൾ സൗജന്യ ഭക്ഷണമാണ് എല്ലാ ഭക്ഷണശാലകളും ഉറപ്പ് തന്നിരിക്കുന്നത്. പ്രധാന നഗരങ്ങളും ചെറിയ ഗ്രാമങ്ങളിലെ റെസ്റ്റോറന്റുകളും ഒക്കെ ഈ ഉറപ്പുമായി രംഗത്ത് വന്നു. ഒരു നാട്ടിൽ ഗവണ്മെന്റ് ചെയ്യേണ്ടത് നാട്ടുകാർ ചെയ്യുമ്പോൾ എടുത്ത തീരുമാനത്തെ ഓർത്ത് തലകുനിച്ച് ഇരിക്കേണ്ട ഗതിയിലാണ് അവിടെ സർക്കാർ ഉള്ളത്. 22ആം വയസ്സിൽ റാഷ്ഫോർഡ് നടത്തുന്ന വിപ്ലവങ്ങൾക്ക് താരം അർഹിക്കുന്ന വിജയം ഉണ്ടാകട്ടെ എന്ന് ലോകവും ആഗ്രഹിക്കുന്നു.