സ്പാനിഷ് ഫുട്ബോൾ ഇതിഹാസം സെർജിയോ റാമോസ് അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സ്പെയിനിനായി 180 മത്സരങ്ങൾ കളിക്കുകയും 2010 ലെ ലോകകപ്പ് വിജയത്തിൽ നിർണായക പങ്ക് വഹിക്കുകയും ചെയ്ത റാമോസ്, തീരുമാനത്തിൽ നിരാശ പ്രകടിപ്പിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ സങ്കടകരമായ ഒരു എഴുത്തും പങ്കിട്ടു.
“നിലവിലെ ഹെഡ് കോച്ചിൽ നിന്ന് എനിക്ക് ഒരു കോൾ ലഭിച്ചു, എന്റെ കരിയറിൽ ഞാൻ എങ്ങനെ പ്രകടനം നടത്തിയാലും അദ്ദേഹത്തിന്റെ പ്ലാനുകളുടെ ഭാഗമല്ല ഞാൻ എന്ന് എന്നെ അറിയിച്ചു,” റാമോസ് പറഞ്ഞു. “ഭാരമുള്ള ഹൃദയത്തോടെ ആണ് ഞാൻ വിരമിക്കൽ പ്രഖ്യാപിക്കുന്നത്, ഇത് കൂടുതൽ നീണ്ടുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിച്ച യാത്രയുടെ പെട്ടെന്നുള്ള അവസാനമാണ്” റാമോസ് കുറിച്ചു.
ലൂക്കാ മോഡ്രിച്ച്, ലയണൽ മെസ്സി, പെപ്പെ തുടങ്ങിയ പ്രായമായിട്ടും അന്താരാഷ്ട്ര ഫുട്ബോളിൽ തുടരാൻ കഴിയുന്ന മറ്റ് മുൻനിര കളിക്കാരോട് അസൂയ ഉണ്ട് എന്ന് റാമോസ് പറഞ്ഞു. “നിർഭാഗ്യവശാൽ, എനിക്ക് അവരെ പോലെയല്ല കാര്യങ്ങൾ, കാരണം ഫുട്ബോൾ എല്ലായ്പ്പോഴും ന്യായമല്ല, ഫുട്ബോൾ ഒരിക്കലും ഫുട്ബോൾ മാത്രമല്ല,” അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഏറ്റവും വിജയകരവും പ്രിയപ്പെട്ടതുമായ കളിക്കാരിൽ ഒരാളായ റാമോസിന്റെ വിരമിക്കൽ സ്പാനിഷ് ഫുട്ബോളിന്റെ ഒരു യുഗത്തിന്റെ അവസാനത്തെ അടയാളപ്പെടുത്തുന്നു. താരം ക്ലബ് ഫുട്ബോളിൽ പി എസ് ജിക്ക് ഒപ്പം തുടരും.