ഐപിഎലില്‍ കഴിഞ്ഞ മൂന്ന് സീസണിലെ മോശം പ്രകടനത്തിന് ശേഷം ആരാധകര്‍ക്ക് ആഹ്ലാദിക്കുവാനുള്ള നിമിഷങ്ങള്‍ നൽകിയാണ് റണ്ണര്‍പ്പായി രാജസ്ഥാന്‍ റോയൽസ് മടങ്ങുന്നത്. കപ്പ് നേടുവാനാകാത്ത നിരാശ ടീമിനും ആരാധകര്‍ക്കും ഉണ്ടെങ്കിലും ഫൈനലില്‍ രാജസ്ഥാനെക്കാള്‍ മികച്ച് നിന്നത് ഗുജറാത്ത് ടൈറ്റന്‍സ് തന്നെയാണ്.
ലേലത്തിന്റെ ആദ്യ ദിവസം തന്നെ തങ്ങളുടെ ടീമിനെ സെറ്റാക്കുവാന്‍ സാധിച്ച ടീമിന് രണ്ടാം ദിവസം അവസാന നിമിഷം ഏതാനും വിദേശ താരങ്ങളെ സ്വന്തമാക്കുവാന്‍ സാധിച്ചുവെന്നതൊഴിച്ചാൽ ലേലത്തിന്റെ രണ്ടാം ദിവസം കാര്യമായ പ്രഭാവം ഉണ്ടാക്കുവാന്‍ സാധിച്ചിരുന്നില്ല. അന്ന് ടീമിലെത്തിയ താരങ്ങള്‍ക്ക് ആര്‍ക്കും പിന്നീട് അവസരം ലഭിച്ചപ്പോള്‍ ടീമിന് വേണ്ടി ശ്രദ്ധേയമായ പ്രകടനം പുത്തെടുക്കുവാന്‍ സാധിച്ചിരുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രഭാവം സൃഷ്ടിച്ച റാസ്സി വാന്‍ ഡെര്‍ ഡൂസ്സന്‍, ജെയിംസ് നീഷം, ഡാരിൽ മിച്ചൽ എന്നിവരാണ് ആ താരങ്ങള്‍.
എന്നിരുന്നാലും പേപ്പറിൽ മികച്ച ഇലവനെ തന്നെയാണ് രാജസ്ഥാന് ഇറക്കുവാന്‍ സാധിച്ചത്. തങ്ങള്‍ നിലനിര്‍ത്തിയ മൂന്ന് താരങ്ങള്‍ക്ക് പിന്തുണയേകുവാന്‍ പറ്റിയ താരങ്ങളെ ബാറ്റിംഗ് നിരയിലേക്കും പുതുപുത്തന്‍ ബൗളിംഗ് നിരയെ തയ്യാറാക്കുകയും ചെയ്ത രാജസ്ഥാന്‍ ലേലത്തിൽ തങ്ങളുടെ ഗൃഹപാഠം മികച്ച രീതിയിൽ ചെയ്തുവെന്ന് വേണം പറയുവാന്‍. അതിന്റെ ഫലമാണ് പ്ലേ ഓഫ് സ്ഥാനവും 14 വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടുമൊരു ഫൈനൽ സ്ഥാനവും.
എന്നാൽ രാജസ്ഥാന്‍ നിരയിലും ടീമിന്റെ തലവേദനയായി ടൂര്‍ണ്ണമെന്റിലുടനീളം മാറിയത് മധ്യ നിരയിൽ നിന്ന് റൺ വരാത്തത്. മികച്ചൊരു ഡെത്ത് ബൗളര്‍ ഇല്ലാത്തതുമാണ്. ട്രെന്റ് ബോള്‍ട്ടിനെ കൂടുതലും രാജസ്ഥാന്‍ ഉപയോഗിച്ചത് പവര്‍പ്ലേയിലാണെങ്കില്‍ ഒബേദ് മക്കോയിയും പ്രസിദ്ധ് കൃഷ്ണയും ടീമിന്റെ ഡെത്ത് ബൗളിംഗ് ഓപ്ഷനുകളായി. പലയാവര്‍ത്തി അത് ടീമിനെ സഹായിച്ചുവെങ്കിലും ചിലപ്പോളെല്ലാം അത് ടീമിന് തിരിച്ചടിയുമായി.
എന്നാൽ ജോസ് ബട്‍ലറെ ഏറെ ആശ്രയിക്കേണ്ടി വന്നതാണ് ടീമിന്റെ വലിയ തലവേദന. യശസ്വി ജൈസ്വാളിന് ആദ്യ മത്സരങ്ങളിൽ റൺസ് കണ്ടെത്താനെ ആകാതെ പോയപ്പോള്‍ താരം ടീമിൽ നിന്ന് പുറത്ത് പോയി. മടങ്ങി വരവിൽ താരം റൺസ് കണ്ടെത്തിയത് കാരണമാണ് ജോസ് ബട്‍ലര്‍ ഇടയ്ക്ക് റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ടീമിന് തുണയായത്.
മധ്യനിരയിൽ സഞ്ജുവും ഹെറ്റ്മ്യറും റൺസ് കണ്ടെത്തിയെങ്കിലും സഞ്ജു പലയാവര്‍ത്തി റൺ റേറ്റ് ഉയര്‍ത്തുവാനായി ശ്രമിച്ച് വിക്കറ്റ് വലിച്ചെറിഞ്ഞ കാഴ്ചയാണ് കണ്ടതെങ്കില്‍ പേര്‍സണൽ ബ്രേക്കിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ഫിനിഷറുടെ റോളിൽ താരത്തിന് അത്ര കണ്ട് പ്രഭാവം സൃഷ്ടിക്കാനായിരുന്നില്ല.
രാജസ്ഥാനെ ഏറ്റവും അലട്ടുവാന്‍ പോകുന്നത് ഓള്‍റൗണ്ടറുടെ റോളാണ്. ബെന്‍ സ്റ്റോക്സിനെ പോലെ ഒരു മികച്ച താരത്തിന്റെ അഭാവം ടീമിന്റെ ലൈനപ്പിൽ പ്രകടമായി തന്നെ കാണാനാകുന്നതാണ്. അശ്വിനെ ഒരു ഫ്ലോട്ടിംഗ് ഓള്‍റൗണ്ടറുടെ റോളിൽ ടീം ഉപയോഗിച്ചപ്പോള്‍ റിയാന്‍ പരാഗിന്റെ ഫീൽഡിംഗ് മികവ് ഒഴിച്ച് നിര്‍ത്തിയാൽ ഒരു ഇന്നിംഗ്സിലാണ് താരം ടീമിന് തുണയായി എത്തിയത്.
അടുത്ത സീസണിലേക്ക് വരുമ്പോള്‍ ടീമിന്റെ ഈ പോരായ്മകള്‍ തീര്‍ക്കുവാന്‍ അവര്‍ക്കായാൽ ഇത്തവണത്തേതിലും മികച്ച രീതിയിലുള്ള പ്രകടനം രാജസ്ഥാനിൽ നിന്ന് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.