ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയില്‍ ടി20-ഏകദിന പരമ്പരകള്‍ കൈവിട്ടുവെങ്കിലും ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിലെ കപ്പുയര്‍ത്തുവാന്‍ സാധ്യതയുള്ളത് ഇന്ത്യയ്ക്കാണെന്ന് വ്യക്തമാക്കി അജിങ്ക്യ രഹാനെ. വ്യക്തിപരമായി ഇന്ത്യ അതിശക്തമായ ടീമാണെന്നും കോഹ്‍ലി ഇന്ത്യയെ ലോകകപ്പ് വിജയത്തിലേക്ക് നയിക്കുമെന്നുമാണ് രഹാനെയുടെ അഭിപ്രായം. ഇന്ത്യ ഇപ്പോള്‍ കളിയ്ക്കുന്ന ക്രിക്കറ്റ് അത്യുജ്ജ്വലമാണെന്നാണ് രഹാനെയുടെ അഭിപ്രായം.
ലോകകപ്പില്‍ ആദ്യം മുതലെ തങ്ങളുടെ ആധിപത്യം ഉറപ്പിക്കുക എന്നതാണ് പ്രധാനം. മറ്റു പരമ്പരകളെപ്പോലെയല്ല ഐസിസി ടൂര്‍ണ്ണമെന്റുകളില്‍ ഓരോ മത്സരങ്ങളും വ്യക്തമായി ആധിപത്യം സ്ഥാപിക്കേണ്ട ഒന്നാണെന്നും രഹാനെ അഭിപ്രായപ്പെട്ടു.
ഇന്ത്യ കഴിഞ്ഞാല്‍ ന്യൂസിലാണ്ട്, വിന്‍ഡീസ്, ഇംഗ്ലണ്ട് എന്നിവരാണ് സാധ്യതയുള്ള മറ്റു പ്രധാന ടീമെന്നും രഹാനെ പറഞ്ഞു. ന്യൂസിലാണ്ട് ഏകദിനത്തിലെ മികച്ച ടീമാണ്. വിന്‍ഡീസ് അപ്രവചനീയമാണ്, എന്നാല്‍ അപകടകാരികളും. അതേ സമയം നിലവിലെ ലോക ഒന്നാം റാങ്കുകാരായ ഇംഗ്ലണ്ടിനെ മറികടക്കുക പ്രയാസകരമാക്കുന്നത് അവര്‍ നാട്ടിലാണ് കളിയ്ക്കുന്നതെന്നു കൂടിയാണെന്നും രഹാനെ വ്യക്തമാക്കി.
മേയ് 30നു കെന്നിംഗ്സ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലാണ് ലോകകപ്പിലെ ഉദ്ഘാടന മത്സരം. ജൂണ്‍ 5നു ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ ആദ്യ എതിരാളികള്‍.