അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ 233 റണ്‍സ് നേടി ഇന്ത്യ. 6 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്. ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലിയുടെ അര്‍ദ്ധ ശതകത്തിനൊപ്പം ചേതേശ്വര്‍ പുജാരയും അജിങ്ക്യ രഹാനെയും നേടിയ ചെറുത്ത്നില്പ് കൂടിയായപ്പോളാണ് ഇന്ത്യയുടെ ഇന്നിംഗ്സ് 200 കടന്നത്.
ചേതേശ്വര്‍ പുജാരയെ നഷ്ടപ്പെടുമ്പോള്‍ 100/3 എന്ന നിലയിലായിരുന്ന ഇന്ത്യയെ വിരാട് കോഹ്‍ലിയും അജിങ്ക്യ രഹാനെയും ചേര്‍ന്ന് മുന്നോട്ട് നയിച്ചുവെങ്കിലും 74 റണ്‍സ് നേടിയ കോഹ്‍ലി റണ്ണൗട്ടായതാണ് തിരിച്ചടിയായത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്നു കോഹ്‍ലിയെ രഹാനെയുടെ പിഴവാണ് റണ്ണൗട്ടിലേക്ക് നയിച്ചത്.
88 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. അധികം വൈകാതെ 43 റണ്‍സ് നേടി രഹാനെയും പുറത്തായതോടെ ഇന്ത്യ 188/3 എന്ന നിലയില്‍ നിന്ന് 196/5 എന്ന നിലയിലേക്ക് വീണു. രഹാനെയെ സ്റ്റാര്‍ക്ക് വീഴ്ത്തിയപ്പോള്‍ ഹനുമ വിഹാരിയെ(16) ജോഷ് ഹാസല്‍വുഡ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
വിഹാരി പുറത്തായ ശേഷം രവിചന്ദ്രന്‍ അശ്വിനും വൃദ്ധിമന്‍ സാഹയും ചേര്‍ന്നാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. 27 റണ്‍സ് നേടിയ കൂട്ടുകെട്ടില്‍ അശ്വിന്‍ 15 റണ്‍സും സാഹ 9 റണ്‍സും നേടി ക്രീസില്‍ നില്‍ക്കുകയാണ്.