ഏതാണ്ട് 12 മാസങ്ങൾക്ക് ശേഷം ലോക ഒന്നാം നമ്പർ റാങ്കിലേക്ക് തിരിച്ചെത്തി കളിമണ്ണ് കോർട്ടിലെ രാജാവ് റാഫേൽ നദാൽ. സെർബിയൻ താരം നൊവാക് ജ്യോക്കോവിച്ചിനെ മറികടന്നാണ് നദാൽ ഒന്നാം റാങ്കിലേക്ക് തിരിച്ചെത്തിയത്. ഇന്നലെ പാരീസ് മാസ്റ്റേഴ്സ് കിരീടം നേടിയെങ്കിലും സീസൺ അവസാനം മാത്രമെ ഈ പോയിന്റുകൾ എ. ടി. പി റാങ്കിൽ പരിഗണിക്കു എന്നതിനാൽ ആണ് ജ്യോക്കോവിച്ചിനു വിനയായത്. ഈ വർഷത്തെ യു.എസ് ഓപ്പൺ കിരീടാനേട്ടം ആണ് നദാലിന് സഹായകമായത്. 1973 നു ശേഷത്തെ കണക്കിൽ ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്ന ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ രണ്ടാമത്തെ താരമായി 33 കാരനായ നദാൽ മാറി. 2018 ൽ 36 വയസ്സിൽ ഒന്നാം റാങ്കിൽ എത്തിയ റോജർ ഫെഡററിന്റെ പേരിൽ തന്നെയാണ് ഈ റെക്കോർഡ് ഇപ്പോഴും.
എന്നാൽ ലണ്ടനിൽ നടക്കുന്ന എ. ടി. പി ഫൈനൽസിൽ ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ ആവും ജ്യോക്കോവിച്ച് ശ്രമം. ഇത് വരെ പരിക്ക് കാരണം എ. ടി. പി ഫൈനൽസ് കളിക്കും എന്ന് ഉറപ്പില്ലാത്ത നദാൽ വർഷാവസാനം ലോക റാങ്കിൽ ഒന്നാമത് തുടർന്നാൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായും നദാൽ മാറും. 2008 ൽ തന്റെ 22 വയസ്സിൽ ആദ്യമായി ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തിയ നദാൽ ഇത് എട്ടാം തവണയാണ് ലോക റാങ്കിങ്ങിൽ ഒന്നാമത് എത്തുന്നത്. 2018 ൽ പരിക്ക് മൂലം കളം വിട്ട നദാൽ 2019 ൽ ഫ്രഞ്ച് ഓപ്പൺ, യു.എസ് ഓപ്പൺ അടക്കം നേടിയത് 4 കിരീടങ്ങൾ ആണ്. കളിച്ച 57 ൽ 51 ലും ജയം കണ്ടു നദാൽ. തന്റെ 15 മത്തെ എ.ടി. പി ഫൈനൽസ് കളിക്കാൻ ഒരുങ്ങുന്ന നദാൽ ഇത് 197 ആഴ്ചയാണ് ലോക റാങ്കിങ്ങിൽ ഒന്നാമത് നിൽക്കുന്നത്. 310 ആഴ്ചകൾ ഒന്നാം സ്ഥാനത്ത് നിന്ന ഫെഡററിന്റെ പേരിൽ തന്നെയാണ് ഈ റെക്കോർഡും.