ഇത് വരെ നടന്ന ലോകകപ്പുകളിൽ വച്ച് ഏറ്റവും അത്ഭുതകരവും അമ്പരിപ്പിക്കുന്നതുമായ വേൾഡ് കപ്പ് നടത്താൻ ഒരുങ്ങുകുകയാണ് ഖത്തർ. 2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ഇത്തവണ ഈ ഫുട്ബോൾ മാമാങ്കം നടക്കുക. അറബ് രാജ്യങ്ങളിൽ വച്ച് നടക്കുന്ന ആദ്യ ഫിഫ ഫുട്ബോൾ വേൾഡ് കപ്പ് എന്നത് കൂടാതെ, ആദ്യമായി വിന്റർ സീസണിൽ നടക്കുന്ന വേൾഡ് കപ്പ് എന്ന പ്രത്യേകത കൂടിയുണ്ട്.
2 ലക്ഷം തദ്ദേശീയർ മാത്രം ഉള്ള ഒരു രാജ്യത്തിന് ലോകത്തെ ഏറ്റവും വലിയ ഫുട്ബോൾ ഉത്സവം നടത്താൻ സാധിക്കുമോ എന്ന സംശയം ആദ്യമേ മുതൽ ഉണ്ടായിരിന്നു. എന്നാൽ അതെല്ലാം തെറ്റാണെന്നു തെളിയിക്കുന്ന പ്രവർത്തനങ്ങളാണ് ഖത്തർ സർക്കാരിന്റെയും ജനതയുടെയും ഭാഗത്തു നിന്ന് ഉണ്ടായതു. സ്റ്റേഡിയങ്ങൾ, യാത്ര- താമസ സൗകര്യങ്ങൾ എല്ലാം തയ്യാറാണ്. ടീമുകളും കാണികളും എത്തിയാൽ മതി.
വേൾഡ് കപ്പിനുള്ള രണ്ടാം ഘട്ട ടിക്കറ്റ് ലോട്ടറി ഏപ്രിൽ 28ന് അവസാനിച്ചപ്പോൾ കാണികളുടെ ഭാഗത്തു നിന്ന് കളി കാണാൻ സാധാരണയിൽ കവിഞ്ഞുള്ള താൽപ്പര്യമാണ് പ്രകടമായിട്ടുള്ളത്. വേൾഡ് കപ്പിൽ നടക്കുന്ന 64 കളികളുടെയും ടിക്കറ്റുകൾക്ക് വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ഇപ്പോൾ താൽപ്പര്യം പ്രകടിപ്പിച്ചു റെജിസ്റ്റർ ചെയ്തവർക്ക് മെയ് 31ന് മുൻപ് അറിയാം, ടിക്കറ്റ് ലഭിച്ചോ ഇല്ലയോ എന്ന്. അത് കഴിഞ്ഞു ടിക്കറ്റുകൾ ബാക്കിയുണ്ടെങ്കിൽ ഓണ്ലൈനിലായി ഫസ്റ്റ് കം ഫസ്റ്റ് ബേസിൽ വാങ്ങാൻ കിട്ടും.
സാധാരണ വേൾഡ് കപ്പുകൾക്കു അതാതു രാജ്യങ്ങളിൽ ചെന്ന് സ്റ്റേഡിയങ്ങൾക്കു മുന്നിൽ കൈ കൊണ്ട് എഴുതിയ പ്ലക്കാർഡ് പിടിച്ചു ടിക്കറ്റ് തേടുന്നവരെ കാണാറുണ്ട്, ഖത്തറിൽ അത് നടക്കില്ല. സംഘാടകർ നേരത്തെ തന്നെ അറിയിച്ചിരിക്കുന്നത്, വേൾഡ് കപ്പ് ടിക്കറ്റ് ഉള്ളവർക്ക് മാത്രമേ വേൾഡ് കപ്പ് സമയത്തു ഖത്തറിലേക്ക് യാത്ര ചെയ്യാൻ വിസ അനുവദിക്കൂ എന്നാണ്. ആദ്യം ടിക്കറ്റ് എടുക്കുക, അത് കഴിഞ്ഞു ഫിഫ ഫാൻ ഐഡിയും ഖത്തർ സർക്കാർ നൽകുന്ന ഹായ കാർഡും ഓൺലൈനായി തന്നെ എടുക്കുക. ഇവ ഉപയോഗിച്ച് ഫ്ലൈറ്റ് ടിക്കറ്റും, താമസ സൗകര്യവും ഉറപ്പിക്കുക, എന്നിട്ടു വിസയ്ക്കായി അപ്ലൈ ചെയ്യുക. കളി കാണാൻ സ്റ്റേഡിയത്തിൽ എത്തുമ്പോഴും ഹായ കാർഡ് ടിക്കറ്റിനു ഒപ്പം കാണിക്കേണ്ടി വരും. മാത്രമല്ല അത് ഉപയോഗിച്ച് മെട്രോയിലും, ബസ്സിലും സൗജന്യമായി യാത്ര ചെയ്യുകയും ആവാം.
അത് കൊണ്ട് ഖത്തറിൽ മച്ചാനുണ്ട്, മാമയുണ്ട് എന്നും പറഞ്ഞു കളി കാണാൻ പോകാമെന്നു കരുതേണ്ട. പഴയ ഗഫൂർ കാ ദോസ്തിന്റെ സ്ഥിതിയാകും!