മാഞ്ചസ്റ്റർ യുണൈറ്റഡിനെ വാങ്ങാനുള്ള പോരിൽ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ സർ ജിം റാറ്റ്ക്ലിഫ് വിജയിക്കുന്നു. ഖത്തർ ഗ്രൂപ്പ് വലിയ തുകക്ക് ബിഡ് ചെയ്തിട്ടും റാറ്റ്ക്ലിഫിനെ ക്ലബ് ഏൽപ്പിക്കാൻ ആണ് ഗ്ലേസേ്ഴ്സ് താല്പര്യപ്പെടുന്നത് എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഖത്തർ ഗ്രൂപ്പ് പൂർണ്ണമായും മാഞ്ചസ്റ്റർ യുണൈറ്റഡ് വാങ്ങാൻ ആണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ റാറ്റ്ക്ലിഫിന്റെ ബിഡ് അടുത്ത മൂന്ന് വർഷം കൂടെ ഗ്ലേസേഴ്സിന് ഒരു ചെറിയ ഷെയർ വിഹിതവുമായി ക്ലബിൽ തുടരാൻ അവസരം നൽകും.
റാറ്റ്ക്ലിഫ് ക്ലബിനെ വാങ്ങുന്നത് ആരാധകരിൽ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. ഖത്തർ ഗ്രൂപ്പ് വാങ്ങിയിരുന്നു എങ്കിൽ ഉണ്ടായേക്കാവുന്ന വലിയ നിക്ഷേപങ്ങൾ റാറ്റ്ക്ലിഫ് നടത്താൻ സാധ്യതയില്ല. ക്ലബ് വലിയ താരങ്ങളെ എത്തിച്ച് ടീം ശക്തമാക്കും എന്ന് കരുതിയിരുന്ന ആരാധകർക്ക് വലിയ നിരാശ ആകും ഇത് നൽകുക.
ഫ്രഞ്ച് ടീമായ ഒജിസി നീസിന്റെ ഉടമ കൂടിയാണ് റാറ്റ്ക്ലിഫ്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ഇനിയോസ് കമ്പനിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിനായി രംഗത്ത് എത്തിയിരിക്കുന്നത്. കഴിഞ്ഞ വർഷം ചെൽസിയെ വാങ്ങാനും ഈ കമ്പനി ശ്രമിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകൻ ആണ് റാറ്റ്ക്ലിഫ് എന്നതാകും ആരാധകരുടെ ഏക ആശ്വാസം.