പഞ്ചാബിന്റെ ടോപ് ഓര്‍ഡര്‍ താരങ്ങള്‍ യഥേഷ്ടം റണ്‍സ് കണ്ടെത്തിയ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 8 വിക്കറ്റിനു പരാജയപ്പെടുത്തി കിംഗ്സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ രണ്ടാം ജയം സ്വന്തമാക്കി. മെല്ലെ തുടങ്ങിയെങ്കിലും തന്റെ സീസണിലെ കന്നി അര്‍ദ്ധ ശതകം നേടി ലോകേഷ് രാഹുലാണ് ടീമിന്റെ വിജയത്തില്‍ മുന്നില്‍ നിന്ന് നയിച്ചത്. കിംഗ് ഇലവനു വേണ്ടി ക്രിസ് ഗെയിലും മയാംഗ് അഗര്‍വാലുമാണ് മിന്നും തുടക്കവുമായി ആദ്യം തിളങ്ങിയതെങ്കിലും ഇരുവരും പുറത്തായ ശേഷം തന്റെ ബാറ്റിംഗ് നിലവാരം രാഹുല്‍ ഉയര്‍ത്തി.
57 പന്തില്‍ നിന്ന് 71 റണ്‍സ് നേടിയ ലോകേഷ് രാഹുലിന്റെ മികവില്‍ 18.4 ഓവറില്‍ പഞ്ചാബ് വിജയം കുറിയ്ക്കുകയായിരുന്നു. നിര്‍ണ്ണായകമായ മൂന്നാം വിക്കറ്റില്‍ 31 പന്തില്‍ നിന്ന് 60 റണ്‍സാണ് രാഹുല്‍-മില്ലര്‍ കൂട്ടുകെട്ട് നേടിയത്. ഇതില്‍ 15 റണ്‍സാണ് മില്ലറുടെ സംഭാവന.
ഒന്നാം വിക്കറ്റില്‍ 53 റണ്‍സ് നേടിയ ശേഷം ഗെയില്‍ മടങ്ങുമ്പോള്‍ ആ 53 റണ്‍സില്‍ 40 റണ്‍സും നേടിയാണ് യൂണിവേഴ്സ് ബോസ് നേടിയത്. 24 പന്തില്‍ നിന്ന് 4 സിക്സും 3 ഫോറും സഹിതമായിരുന്നു ഗെയില്‍ താണ്ഡവം. കെഎല്‍ രാഹുല്‍ തന്റെ പതിവു മോശം ഫോം മറികടന്ന് റണ്‍സ് കണ്ടെത്തിയെങ്കിലും ടി20 ശൈലിയില്‍ ഇന്നിംഗ്സ് മുന്നോട്ട് നീക്കുവാന്‍ താരത്തിനു സാധിച്ചിരുന്നില്ല.
രണ്ടാം വിക്കറ്റില്‍ മയാംഗ് അഗര്‍വാല്‍ 21 പന്തില്‍ 43 റണ്‍സ് നേടി മത്സരം മുംബൈയില്‍ നിന്ന് കവര്‍ന്നെടുക്കുമെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് ക്രുണാല്‍ പാണ്ഡ്യയ്ക്ക് റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങിയത്. നേരത്തെ ക്രിസ് ഗെയിലിനെയും പുറത്താക്കിയത് ക്രുണാലായിരുന്നു. രണ്ടാം വിക്കറ്റില്‍ മയാംഗ്-രാഹുല്‍ കൂട്ടുകെട്ട് നേടിയത്. 64 റണ്സായിരുന്നു.
മയാംഗ് പുറത്തായ ശേഷം രാഹുലും അടിച്ച് കളിക്കുവാന്‍ തുടങ്ങിയപ്പോള്‍ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമായി. ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ 15ാം ഓവറില്‍ 19 റണ്‍സ് അടിച്ചെടുത്ത് മില്ലറും രാഹുലും മത്സരം മുംബൈയില്‍ നിന്ന് ഏറെക്കുറെ തട്ടിയെടുക്കുകയായിരുന്നു. മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ 37 റണ്‍സാണ് പഞ്ചാബിനു നേടേണ്ടിയിരുന്നത്. അതില്‍ നാലോവര്‍ മലിംഗയും ബുംറയും എറിയുമെന്നതിനാല്‍ ലക്ഷ്യം അനായാസമെന്ന് പറയുക പ്രയാസമായിരുന്നു.
മലിംഗയുടെ ഓവറില്‍ നിന്ന് 12 റണ്‍സ് പഞ്ചാബ് നേടിയപ്പോള്‍ ഇതിനിടെ തന്റെ സീസണിലെ ആദ്യ അര്‍ദ്ധ ശതകം കെഎല്‍ രാഹുല്‍ നേടി. 24 പന്തില്‍ നിന്ന് 25 റണ്‍സെന്ന രീതിയിലേക്ക് ലക്ഷ്യം മാറ്റുവാനും പഞ്ചാബിനു സാധിച്ചു. ജസ്പ്രീത് ബുംറയെറിഞ്ഞ അടുത്ത ഓവറില്‍ രണ്ട് ബൗണ്ടറിയടക്കം രാഹുല്‍ നേടിയപ്പോള്‍ 12 റണ്‍സാണ് പഞ്ചാബ് നേടിയത്.
ലക്ഷ്യം 18 പന്തില്‍ 14 പന്തായി ചുരുങ്ങിയെങ്കിലും മിച്ചല്‍ മക്ലെനാഗന്‍ എറിഞ്ഞ തകര്‍പ്പന്‍ 18ാം ഓവറില്‍ ആദ്യ അഞ്ച് പന്തില്‍ മൂന്ന് റണ്‍സ് മാത്രം താരം വഴങ്ങിയെങ്കിലും അവസാന പന്തില്‍ വൈഡും ഒരു ബൗണ്ടറിയും വഴങ്ങിയതോടെ വീണ്ടും മത്സരം പഞ്ചാബിന്റെ പക്ഷത്തേക്കായി.