പൂനെയിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് കളിച്ചത് 11 പൂനെ താരങ്ങൾക്ക് എതിരെ മാത്രമായിരുന്നില്ല തെറ്റായ തീരുമാനങ്ങൾ മാത്രമെടുത്ത റഫറിക്ക് എതിരെ കൂടെ ആയിരുന്നു. രണ്ട് വലിയ തീരുമാനങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനെതിരെ റഫറി വിധിച്ചിട്ടും മത്സരം 1-1 സമനിലയിൽ നിർത്താൻ കേരള ബ്ലാസ്റ്റേഴ്സിനായി. ഒരു കേരള ബ്ലാസ്റ്റേഴ്സ് ഗോൾ റഫറി അനുവദിക്കാതിരിക്കുകയും ഒരു തെറ്റായ പെനാൽറ്റി പൂനെയ്ക്ക് നൽകുകയും ചെയ്തിരുന്നു ഇന്നത്തെ റഫറി.
കളി മുഴുവൻ മികച്ച പ്രകടനം കാഴ്ചവെച്ചത് കേരള ബ്ലാസ്റ്റേഴ്സ് ആണെങ്കിലും ജയം സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സിനായില്ല എന്നത് ഒരു നിരാശയായി. കളിയുടെ തുടക്കത്തിൽ ഒരു വണ്ടർ ഗോളിലൂടെയാണ് പൂനെ സിറ്റി മുന്നിൽ എത്തിയത്. കളി തുടങ്ങി 13ആം മിനുട്ടിൽ ഒരു ലോംഗ് റേഞ്ചറിൽ നിന്നായിരുന്നു പൂനെയുടെ ഗോൾ. വിദേശ താരം സ്റ്റാങ്കോവിചിന്റെ ഷോട്ട് നവീൻ കുമാറിന് തടയാൻ കഴിയുന്നതിലും സുന്ദരമായിരുന്നു.
ഗോളിന് ശേഷം തീർത്തും ആക്രമണത്തിലേക്ക് നീങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് നിരവധി അവസരങ്ങൾ ആദ്യ പകുതിയിൽ സൃഷ്ടിച്ചു. ആദ്യ പകുതിയിൽ മാത്രം 10 കോർണറുകൾ കേരള ബ്ലാസ്റ്റേഴ്സിന് കിട്ടി. പക്ഷെ സെറ്റ് പ്ലേ അവസരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് മുതലെടുക്കാൻ ആയില്ല. സഹൽ അബ്ദുൽ സമദ് കളിയിലുടനീളം മികച്ചു നിന്നു. 41ആം മിനുട്ടിൽ ആയിരുന്നു റഫറിയുടെ ആദ്യ തെറ്റായ തീരുമാനം വന്നത്. ഒരു കോർണറിൽ നിന്ന് നികോളയുടെ ഷോട്ട് ഗോൾ വര കടന്നു എങ്കിലും റഫറി ഗോൾ നിഷേധിച്ചു. ഗോൾ ആദ്യം റഫറി അനുവദിച്ചിരുന്നു എങ്കിലും പിന്നീട് റഫറി മലക്കം മറിയുകയായിരുന്നു. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും റഫറിയുടെ തീരുമാനം മാറിയില്ല.
രണ്ടാം പകുതിയിൽ 57ആം മിനുട്ടിൽ ആയിരുന്നു റഫറിക്ക് രണ്ടാമതും തെറ്റിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ പെനാൽറ്റി ബോക്സിൽ അൽഫാരോ നടത്തിയ ഡൈവിന് റഫറി പെനാൽറ്റി വിധിക്കുകയായിരുന്നു. ഇവിടെയും ബ്ലാസ്റ്റേഴ്സിന്റെ പ്രതിഷേധങ്ങൾക്ക് റഫറി ചെവി കൊടുത്തില്ല. പക്ഷെ പെനാൾട്ടി എടുത്ത അൽഫാരോക്ക് പിഴച്ചു. പെനാൾട്ടി ബാറിന് തട്ടി മടങ്ങി.
പിന്നീട് 61ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്സ് അർഹിച്ച സമനില ഗോൾ പിറന്നു. ഒരു കോർണറിൽ നിന്ന് നികോള ആയിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ഗോൾ നേടിയത്. ആദ്യ പകുതിയിൽ ആരുടെ ഗോളാണോ നിഷേധിക്കപ്പെട്ടത് അതേ നികോള തന്നെയാണ് ഗോൾ നേടിയത്.
പിന്നീടും കേരള ബ്ലാസ്റ്റേഴ്സ് തന്നെയാണ് മികച്ചു നിന്നത് എങ്കിലും വിജയ ഗോൾ പിറന്നില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ തുടർച്ചയായ നാലാം സമനിലയാണിത്. അഞ്ച് മത്സരങ്ങളിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സിന് ഏഴു പോയന്റാണുള്ളത്.