ഐ എസ് എൽ അഞ്ചാം സീസണിൽ ഇതുവരെ ആയിട്ട് ജയം എന്താണ് എന്ന് അറിയാതിരിക്കുന്ന രണ്ട് ടീമുകളാണ് ഇന്ന് നേർക്കുനേർ വരുന്നത്. ചെന്നൈയിൻ എഫ് സിയും പൂനെ സിറ്റിയും. ഇന്ന് പൂനെയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ആരെങ്കിലും ആദ്യ ജയം കണ്ടെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇനിയും വിജയവഴിയിൽ എത്തിയില്ല എങ്കിൽ പ്ലേ ഓഫ് എന്ന പ്രതീക്ഷ സ്വപ്നത്തിൽ പോലും ഇല്ലാതെ ആകും.
അഞ്ചു മത്സരങ്ങളിൽ നിന്ന് രണ്ട് പോയന്റാണ് പൂനെ സിറ്റിക്ക് ഉള്ളത്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ പിടിച്ചതാണ് പൂനെ സിറ്റിയുടെ പ്രതീക്ഷ. അന്ന് ഒരു പെനാൾട്ടി നഷ്ടപ്പെടുത്തിയില്ലായിരുന്നു എങ്കിൽ ആദ്യം ജയം കണ്ടേനെ എന്നാണ് പൂനെയുടെ ഇപ്പോഴത്തെ പരിശീലകൻ പ്രദ്ധ്യും റെഡ്ഡി പറയുന്നത്. അവസാന രണ്ടു മത്സരങ്ങളിലും പെനാൾട്ടി പൂനെ നഷ്ടപ്പെടുത്തിയിരുന്നു. രണ്ട് തവണയും അൽഫാരോ ആയിരുന്നു പെനാൾട്ടി നഷ്ടപ്പെടുത്തിയത്. അതുകൊണ്ട് തന്നെ ഇന്ന് പെനാൾട്ടി ചുമതല അൽഫാരോയിൽ നിന്ന് മാറ്റാൻ സാധ്യതയുണ്ട്.
ആറു മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് നിലവിലെ ചാമ്പ്യന്മാർക്ക് ഉള്ളത്. മാറ്റങ്ങൾ പലതും നടത്തി എങ്കിലും ഒന്നും ഫലത്തിൽ എത്തുന്നില്ല എന്നതാണ് ചെന്നൈയിന്റെ പ്രശ്നം. അവസാന മൂന്ന് മത്സരങ്ങളിൽ പുറത്ത് ഇരുന്ന ജെജെ ഇന്ന് വീണ്ടും ആദ്യ ഇലവനിൽ എത്തിയേക്കും.