ഇന്ത്യന്‍ ടീമിനു വിരാട് കോഹ്‍ലി എത്ര വിലപ്പെട്ടതാണോ അത്രയും തന്നെ വിലപ്പെട്ടതാണ് ചേതേശ്വര്‍ പുജാരയെന്നും മുന്‍ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലി. ചേതേശ്വര്‍ പുജാരയുടെ ഈ ഓസ്ട്രേലിയന്‍ പര്യടനത്തിലെ പ്രകടനം അത് ശരി വയ്ക്കുന്നതാണെന്നാണ് ഗാംഗുലി പറയുന്നത്. പരമ്പരയില്‍ മൂന്ന് ശതകങ്ങളാണ് പുജാര നേടിയത്. 2014-15ല്‍ കോഹ്‍ലിയുടെ ഓസ്ട്രേലിയന്‍ പ്രകടനത്തിനു ഒപ്പം പിടിയ്ക്കുന്നതാണ് ഇപ്പോളത്തെ പുജാരയുടെ പ്രകടനമെന്ന് സൗരവ് പറഞ്ഞു.
ചരിത്രപരമായ ഒരു ടെസ്റ്റ് പരമ്പര നേടുന്നതിനു അടുത്തെത്തിയിരിക്കുകയാണ് ഇന്ത്യ. ഈ മത്സരം ഇവിടെ നിന്ന് ഇന്ത്യ പരാജയപ്പെടുവാന്‍ സാധ്യതയില്ലെന്നാണ് തന്റെ വിശ്വാസം. അതിനാല്‍ തന്നെ ഈ പരമ്പര വിജയത്തില്‍ നിര്‍ണ്ണായകമായതില്‍ പുജാരയുടെ ആ മൂന്ന് ശതകങ്ങള്‍ക്ക് വലിയ പങ്കുണ്ട്. മറ്റു താരങ്ങളുടെ പ്രകടനത്തിനൊപ്പം ഏറെ നിര്‍ണ്ണായകമായത് ഈ പ്രകടനമാണെന്നും ഗാംഗുലി പറഞ്ഞു.
2014ല്‍ കോഹ്‍ലി അവിസ്മരണീയ പ്രകടനമാണ് ഓസ്ട്രേലിയയില്‍ പുറത്തെടുത്തത്. നാല് ശതകങ്ങളാണ് നാല് ടെസ്റ്റില്‍ നിന്ന് അന്ന് കോഹ്‍ലി സ്വന്തമാക്കിയത്. അന്നത്തെ പ്രകടനത്തെ അപേക്ഷിച്ച് പുജാരയുടെ പ്രകടനത്തിനു കൂടുതല്‍ പ്രഭാവമുണ്ടെന്ന് പറയുവാന്‍ കാരണം പുജാര ശതകം അടിച്ച മത്സരങ്ങളെല്ലാം ഇന്ത്യ വിജയിച്ചു എന്നതാണ്. സിഡ്നിയിലും അത് സംഭവിക്കട്ടെയെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.