ലിവർപൂളിന്റെ വിജയകുതിപ്പ് തടയാൻ പി എസ് ജി വമ്പന്മാർ വന്നിട്ടും കാര്യമുണ്ടായില്ല. ചാമ്പ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ യൂറോപ്പിലെ വൻ ശക്തികളായ പി എസ് ജിയും ലിവർപൂളും നേർക്കുനേർ വന്ന മത്സരം പ്രതീക്ഷയ്ക്കും മുകളിൽ എത്തി എന്ന് പറയാം. ഇഞ്ച്വറി ടൈമിലെ ഗോളാണ് ലിവർപൂളിന് ഇന്ന് ആൻഫീൽഡിൽ ജയം സമ്മാനിച്ചത്. രണ്ടു ഗോളുകൾക്ക് പിറകിൽ നിന്ന നിലയിൽ നിന്ന് തിരിച്ചുവന്ന് സമനില പിടിച്ച പി എസ് ജിയെ ആണ് 91ആം മിനുട്ടിൽ പിറന്ന ഫർമീനോ ഗോളിലൂടെ ലിവർപൂൾ വീഴ്ത്തിയത്.
ആദ്യ 36 മിനുട്ടിൽ നേടിയ രണ്ടു ഗോളുകളിൽ ലിവർപൂൾ മുന്നിൽ എത്തിയപ്പോൾ പി എസ് ജി തന്നെ ഞെട്ടിയിരുന്നു. പ്രീമിയർ ലീഗിലെ ഫോം ചാമ്പ്യൻസ് ലീഗിലേക്കും ലിവർപൂൾ കൊണ്ടുപോവുകയാണ് എന്നാണ് ആദ്യം കരുതിയത്. 30ആം മിനുട്ടിൽ സ്റ്റുറിഡ്ജിന്റെ ഹെഡറിലൂടെ ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. 6 മിനുട്ടുകൾക്ക് അപ്പുറം ഒരു പെനാൽറ്റിയിൽ നിന്നായിരുന്നു ലിവർപൂളിന്റെ രണ്ടാം ഗോൾ. പതിവു പോലെ മിൽനർ ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്.
പിന്നീട് ആണ് പി എസ് ജിയും വൻ തിരിച്ചുവരവ് കണ്ടത്. ആദ്യം 40ആം മിനുട്ടിൽ ബെൽജിയം താരം മുനിയർ ആണ് ഒരു ഗോളിലൂടെ പി എസ് ജിക്ക് പ്രതീക്ഷ തിരികെ നൽകിയത്. ഒരു ഇടം കാലൻ ഫിനിഷിലൂടെ ആയിരുന്നു മുനിയറിന്റെ ഗോൾ. പിന്നീട് കളി അവസാനിക്കാൻ 7 മിനുട്ട് മാത്രം ബാക്കി ഇരിക്കെ ആയിരുന്നു പി എസ് ജിയുടെ സമനില ഗോൾ വീണത്. എമ്പപ്പെയുടെ വകയായിരുന്നു ഗോൾ.
കളി കൈവിട്ടെന്ന് ലിവർപൂൾ ആരാധകർ കരുതിയ നിമിഷം. പക്ഷെ സൂപ്പർ സബായി എത്തിയ ഫർമീനോ ഇഞ്ച്വറി ടൈമിൽ ലിവർപൂൾ അർഹിച്ച ജയം അവർക്ക് നേടിക്കൊടുത്തു.