ആഴ്സണലിനെ തോൽപ്പിച്ച് പി എസ് ജി ചാമ്പ്യൻസ് ലീഗ് സെമിയിൽ

Newsroom

വനിതാ ചാമ്പ്യൻസ് ലീഗിൽ പി എസ് ജി സെമി ഫൈനലിൽ. ഇന്ന് നടന്ന ക്വാർട്ടർ പോരാട്ടത്തിൽ ആഴ്സണലിനെ വീഴ്ത്തിയാണ് പി എസ് ജി സെമിയിലേക്ക് കടന്നത്. ശക്തമായ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു പി എസ് ജിയുടെ വിജയം. ആദ്യ പകുതിയിൽ 16ആം മിനുട്ടിൽ കറ്റാറ്റോയിലൂടെ പി എസ് ജി ആണ് ആദ്യം മുന്നിൽ എത്തിയത്. നാദിയ നദീമിന്റെ കോർണറിൽ നിന്നായിരുന്നു കറ്റാറ്റോയുടെ ഫിനിഷ്.

ഈ ഗോളിന് ആദ്യ പകുതിയിൽ തന്നെ മറുപടി നൽകാൻ ആഴ്സണലിനായി. ബെതനി മെഡ് ആണ് ആഴ്സണലിന് സമനില നൽകിയത്. എന്നാൽ രണ്ടാം പകുതിയിൽ പി എസ് ജിയുടെ ഫിറ്റ്നെസ് ലെവൽ അവർക്ക് സഹായകരമായി. അവസാന കുറേ മാസങ്ങളായി കോമ്പിറ്റിറ്റീവ് ഫുട്ബോൾ കളിക്കാത്ത ടീമാണ് ആഴ്സണൽ. അത് അവരുടെ പ്രകടനത്തെയും ബാധിച്ചു.

രണ്ടാം പകുതിയിൽ തുടരെ ആക്രമണങ്ങൾ നടത്തിയ പി എസ് ജി 77ആം മിനുട്ടിൽ ആണ് വിജയ ഗോൾ നേടിയത്. ബ്രുൻ ആണ് വിജയ ഗോൾ നേടിയത്. ഇനി സെമിയിൽ നിലവിലെ ചാമ്പ്യന്മാരായ ലിയോണിനെ ആണ് പി എസ് ജി നേരിടുക. ഇന്ന് തന്നെ നടന്ന ക്വാർട്ടറിൽ ബയേണിനെ 2-1ന് തോൽപ്പിച്ചാണ് ലിയോൺ സെമിയിൽ എത്തിയത്.