ഇന്ത്യൻ സൂപ്പർ ലീഗിലിന്ന് ഈസ്റ്റ് ഇന്ത്യൻ ഡെർബി. നോർത്ത് ഈസ്റ്റ് യുണൈറ്റഡും എടികെയും ഇന്ന് ഏറ്റുമുട്ടും. ഗുവാഹത്തിയിലെ ഇന്ദിരാ ഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടക്കുക. പ്ലേ ഓഫ് സ്വപ്നങ്ങൾക്ക് ജീവൻ കൊടുക്കാനാണ് എടികെ ഇന്നിറങ്ങുന്നത്. ഇന്നത്തെ ജയം ടോപ്പ് ഫോറിൽ എടികെയെ എത്തിക്കാൻ സഹായിക്കും. എന്നാൽ രണ്ടാം സ്ഥാനം തിരികെ പിടിക്കാൻ ഇന്ന് നോർത്ത് സ്റ്റിനു വിജയം അനിവാര്യമാണ്.
ഇന്ത്യൻ സൂപ്പർ ലീഗിൽ ഇരു ടീമുകളും ഒൻപത് ഏറ്റുമുട്ടിയപ്പോൾ അഞ്ചു തവണയും ജയിച്ചത് എ ടികെയാണ്. മൂന്നു മത്സരത്തിൽ ജയിക്കാൻ നോർത്ത് ഈസ്റ്റിനും സാധിച്ചു. ഈ സീസണിൽ ആദ്യ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ജയം നോർത്ത് ഈസ്റ്റിനൊപ്പമായിരുന്നു. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഹൈലാൻഡേഴ്‌സിന്റെ ജയം.
ഇന്ന് ജയിച്ചാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഒരു ചരിത്രമെഴുതും. ഇന്നത്തെ ജയം അവർക്ക് സമ്മാനിക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിന്റെ ചരിത്രത്തിൽ അവരുടെ ഏറ്റവും കൂടുതൽ പോയന്റ് നേട്ടമാണ്. പതിനാലു മത്സരങ്ങളിൽ 20 പോയന്റാണ് ഹൈലാൻഡേഴ്‌സിന്റെ ലീഗ് ബെസ്റ്റ്. ഇപ്പോൾ 10 മത്സരങ്ങളിൽ നിന്നും 19 പോയന്റുകൾ നേടി നോർത്ത് ഈസ്റ്റ്. ഹോമിലെ മോശം പ്രകടനമാണ് നോർത്ത് ഈസ്റ്റിനെ വലയ്ക്കുന്നത്. ഒരു മത്സരം മാത്രമേ ഹോമിൽ അവർക്ക് ജയിക്കാൻ സാധിച്ചുള്ളൂ.
പരിക്കും ആക്രമണത്തിലെ പോരായ്മയുമാണ് രണ്ടു തവണ ഇന്ത്യൻ സൂപ്പർ ലീഗ് ചാമ്പ്യന്മാരായ എടികെയെ വലയ്ക്കുന്നത്. സൂപ്പർ താരങ്ങളായ കാലു ഉച്ചെയും എമിലിയാനോ അൽഫാറോയും പരിക്കേറ്റ പുറത്തിരിക്കുന്നത് കൊൽക്കത്തൻ ക്ലബിന് തിരിച്ചടിയാണ്. എന്നാൽ മോഷൻ തുടക്കത്തിന് ശേഷം തുടർച്ചയായ നാല് മത്സരങ്ങളിൽ അപരാജിതരായി കുതിക്കുകയാണ് എടികെ.