റയൽ മാഡ്രിഡിന് തോൽവി കൊണ്ട് തുടക്കം, വീണത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുന്നിൽ

പ്രീസീസൺ മത്സരത്തിൽ റയൽ മാഡ്രിഡിനെ തോൽപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്ന് അമേരിക്കയിൽ നടന്ന ഇന്റർനാഷണൽ ചാമ്പ്യൻസ് കപ്പിലെ പോരാട്ടത്തിലാണ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് റയലിനെ വീഴ്ത്തിയത്. പ്രീസീസണിലെ റയലിന്റെ ആദ്യ മത്സരമായിരുന്നു ഇത്.

ഇതുവരെ കളിച്ച മത്സരങ്ങളിൽ ഒന്നും മികവിൽ എത്താതിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് അവസാനം മെച്ചപ്പെട്ട പ്രകടനം നടത്തുകയായിരുന്നു. ആദ്യ പകുതിയിൽ പിറന്ന രണ്ടു ഗോളുകളാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം സമ്മാനിച്ചത്. 18ആം മിനുട്ടിൽ ഡാർമിയന്റെ ക്രോസിൽ നിന്ന് സാഞ്ചേസാണ് യുണൈറ്റഡിന്റെ ആദ്യ ഗോൾ നേടിയത്. 27ആം മിനുട്ടിൽ ഹെരേര രണ്ടാം ഗോളും നേടി. മികച്ച നീക്കത്തിനൊടുവിൽ സാഞ്ചേസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഹെരേരയുടെ ഗോൾ.

45ആം മിനുട്ടിൽ ബെൻസീമ ഒരു ഗോൾ മടക്കി എങ്കിലും അതിനപ്പുറം റയൽ മാഡ്രിഡിന് ഒന്നും ചെയ്യാനായില്ല‌.യുണൈറ്റഡിനായി ഇന്ന് ഡി ഹിയ പ്രീസീസണിൽ ആദ്യമായി കളത്തിൽ ഇറങ്ങി. റയൽ മാഡ്രിഡിനായി വിനീഷ്യസ് ജൂനിയർ ഇന്ന് അരങ്ങേറ്റവും നടത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial