ഇതിലും വലുത് ഇനി എന്ത് വരാൻ!! മാഞ്ചസ്റ്റർ ചാമ്പലാക്കി മൗറീനോ!!

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇതിനേക്കാൾ വലുതായി എന്തെങ്കിലും വരാനുണ്ടോ എന്ന് സംശയമാണ്. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മൈതാനമായ ഓൾഡ് ട്രാഫോർഡിൽ ഇറങ്ങിയ ഒരു താരത്തിനും തല ഉയർത്തി കൊണ്ട് കളം വിടാൻ പറ്റില്ല. അത്രയ്ക്ക് ദാരുണമായ പ്രകടനമാണ് സോൾഷ്യാറും സംഘവും ഇന്ന് ഗ്രൗണ്ടിൽ കാണിച്ചത്. മാഞ്ചസ്റ്റർ യുണൈറ്റഡ് യുണൈറ്റഡിന്റെ മുൻ പരിശീലകനായ ജോസെ മൗറീനീയുടെ ടീമായ സ്പർസ് മാഞ്ചസ്റ്റർ യുണൈറ്റഡിനെ അക്ഷരാർത്ഥത്തിൽ നാണംകെടുത്തി എന്ന് തന്നെ പറയാം.

മാഞ്ചസ്റ്റർ യുണൈറ്റഡിന് അവരുടെ ചരിത്രത്തിലെ തന്നെ ഏറ്റവു മോശം പരാജയങ്ങളിൽ ഒന്നാണ് സ്പർസ് ഇന്ന് സമ്മാനിച്ചത്. ഒന്നിനെതിരെ ആറു ഗോളുകൾ എന്ന വൻ വിജയം. സംഭവബഹുലമായിരുന്നു ഇന്നത്തെ മത്സരം. മത്സരം തുടങ്ങി ആദ്യ മിനുട്ടിൽ തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡ് എടുത്തിരുന്നു. മാർഷ്യലിനെ വീഴ്ത്തിയതിനു ലഭിച്ച പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് സുഖമായി ലക്ഷ്യത്തിൽ എത്തിച്ചു. എന്നാൽ പിന്നീട് യുണൈറ്റഡ് കളി മറന്നു.

കളി എട്ട് മിനുട്ട് ആകുമ്പോഴേക്ക് സ്പർസ് 2-1ന് മുന്നിൽ.യുണൈറ്റഡ് ഡിഫൻസിന്റെ അബദ്ധങ്ങളിൽ നിന്ന് ആദ്യം എൻഡോൻബലെയും പിന്നാലെ സോണും ഗോളുകൾ നേടി. കളിയിലേക്ക് തിരിച്ചുവരാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് പിന്നെയും ഒരുപാട് സമയം ഉണ്ടായിരുന്നു. പക്ഷെ 28ആം മിനുട്ടിലെ മാർഷ്യലിന്റെ ചുവപ്പ് കാർഡ് കളി വീണ്ടും യുണൈറ്റഡിൽ നിന്ന് അകറ്റി. ലമേലയുടെ കഴുത്തിന് ഇടിച്ചതിന് കിട്ടിയ ചുവപ്പ് കാർഡ് വിവാദ വിധി ആയിരുന്നു.

എന്നാൽ ആ ചുവപ്പോടെ യുണൈറ്റഡിന്റെ കളി അവസാനിച്ചു. ആദ്യ രണ്ടു ഗോളുകളിലും പിഴവ് മഗ്വയറിന്റെ ആയിരുന്നെങ്കിൽ മൂന്നാമത്തെ ഗോൾ എറിക് ബയി ആണ് സ്പർസിന് നൽകിയത്‌. അബദ്ധം മുതലെടുത്ത് കെയ്നിലൂടെ സ്പർസ് മൂന്നാം ഗോൾ നേടി. 37ആം മിനുട്ടിൽ സോണിലൂടെ സ്പർസ് നാലാം തവണയും വല കുലുക്കി. പ്രീമിയർ ലീഗ് ചരിത്രത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യമായി ആദ്യ പകുതിയിൽ നാലു ഗോളുകൾ വഴങ്ങിയ നിമിഷം.

രണ്ടാം പകുതിയിൽ യുണൈറ്റഡ് മധ്യനിരയിൽ മാറ്റങ്ങൾ വരുത്തി നോക്കിയെങ്കിലും സ്പർസ് വീണ്ടും ഗോളടിച്ചു. ഇത്തവണ ഡിഫൻഡർ സെർജ് ഒറിയെയുടെ വകയായിരുന്നു സ്പർസിന്റെ ഗോൾ. 79ആം മിനുട്ടിൽ പോഗ്ബ സമ്മാനിച്ച പെനാൾട്ടിയിലൂടെ ഹാരി കെയ്ൻ യുണൈറ്റഡിന്റെ വലയിൽ ആറാം ഗോൾ എത്തിച്ചു. .പ്രീമിയർ ലീഗിൽ വെറും മൂന്ന് മത്സരങ്ങൾ മാത്രം കഴിഞ്ഞപ്പോൾ രണ്ടു പരാജയപ്പെട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയിരിക്കുന്നത് 11 ഗോളുകളാണ്. ഡിഫൻസ് ശക്തമാക്കാതെ ട്രാൻസ്ഫർ വിൻഡോ മുഴുവൻ മാനം നോക്കി നിന്നതിനുള്ള ഫലം കൂടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സീസൺ തുടക്കത്തിൽ തന്നെ അനുഭവിക്കുന്നത്. മറുവശത്ത് സ്പർസ് ഗംഭീര ഫോമിലാണ് നിൽക്കുന്നത്. അവസാന രണ്ടു മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ അടിച്ച സ്പർസ് ഇപ്പോൾ പരാജയം അറിയാതെ ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.