ഇംഗ്ലണ്ടിന് എതിരായ ഏകദിന പരമ്പരയിലെ ആദ്യ വിജയം ഇന്ത്യ സ്വന്തമാക്കിയപ്പോൾ താരമായത് ഇന്ത്യക്ക് ആയി അരങ്ങേറ്റം കുറിച്ച പ്രസിദ് കൃഷ്ണയാണ്. ഏകദിന അരങ്ങേറ്റത്തിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കണ്ടത്. നാലു വിക്കറ്റുകൾ ആണ് പ്രസിദ് നേടിയത്. ആദ്യമായാണ് ഇന്ത്യക്ക് വേണ്ടി ഏകദിന അരങ്ങേറ്റത്തിൽ ഒരു താരം നാലു വിക്കറ്റുകൾ വീഴ്ത്തുന്നത്.
ഇന്ന് ആദ്യ മൂന്ന് ഓവറിൽ 37 റൺസ് നൽകി ആയിരുന്നു പ്രസിദിന്റെ തുടക്കം. എന്നാൽ അതിൽ പതറാതെ രണ്ടാം സ്പെല്ലിൽ മനോഹരമായി പ്രസിദ് തിരികെ വന്നു. പിന്നീട് ചെയ്ത 5.1 ഓവറിൽ പ്രസിദ് ആകെ വഴങ്ങിയത് 17 റൺസ്. എടുത്ത നാലു വിക്കറ്റുകൾ. സ്റ്റോക്ക്സും റോയിയും ബില്ലിങ്സും ടോം കുറനും ആണ് പ്രസിദിന്റെ വിക്കറ്റുകൾ. ഇന്നത്തെ പ്രസിദിന്റെ 4-54 എന്ന ബൗളിംഗ് റെക്കോർഡോടെ പഴങ്കഥ ആയത് 1997ൽ അരങ്ങേറ്റത്തിൽ 24 റൺസ് വഴങ്ങി മൂന്നു വിക്കറ്റ് എടുത്ത നോയൽ ഡേവിഡിന്റെ ബൗളിംഗ് ആണ്.