മുൻ ബ്രൈറ്റൺ പരിശീലകനായ ഗ്രഹാം പോട്ടർ എന്ന പോട്ടറാശാന് അദ്ദേഹത്തിന്റെ പുതിയ ക്ലബായ ചെൽസിയിലെ ആദ്യ പരാജയം സമ്മാനിച്ച് ബ്രൈറ്റൺ. പോട്ടറിന്റെ ചെൽസിയിലെ 9 മത്സരങ്ങളുടെ അപരാജിത കുതിപ്പാണ് ബ്രൈറ്റൺ ഇന്ന് അവസാനിപ്പിച്ചത്. ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ബ്രൈറ്റൺ ഇന്ന് വിജയിച്ചത്.
ഇന്ന് ബ്രൈറ്റണിലേക്കുള്ള ഗ്രഹാം പോട്ടറിന്റെ മടങ്ങി വരവായിരുന്നു. ഇതുവരെ ചെൽസി കോച്ചായ ശേഷം പരാജയം അറിയാത്ത പോട്ടർ ഇന്ന് നേരിട്ടത് തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രൈറ്റണെ ആയിരുന്നു. ഡി സെർബി എത്തിയത് മുതൽ ഒരു ഭയവും ഇല്ലാതെ അറ്റാക്ക് ചെയ്യുന്ന ബ്രൈറ്റൺ ഇന്നും തുടക്കം മുതൽ അറ്റാക്ക് ചെയ്തു.
അഞ്ചാം മിനുട്ടിൽ തന്നെ അവർ ലീഡുൻ എടുത്തു. ഈ സീസണിലെ ബ്രൈറ്റന്റെ ഏറ്റവും മികച്ച താരമായ ട്രൊസാർഡ് ആണ് ആദ്യ വെടി പൊട്ടിച്ചത്. മിറ്റോമയുടെ അസിസ്റ്റ് സ്വീകരിച്ച മികച്ച ഫൂട്ട് വർക്കോടെ ഡിഫൻഡേഴ്സിനെയും കെപയെയും അകറ്റി ആയിരുന്നു ട്രൊസാർഡിന്റെ ഫിനിഷ്.
ഈ ഗോളിന് ശേഷം ആദ്യ പകുതിയിൽ രണ്ട് സെൽഫ് ഗോളുകൾ ചെൽസി സമ്മാനിച്ചു. 14ആം മിനുട്ടിൽ ലോഫ്റ്റസ് ചീകിന്റെ വക ആയിരുന്നു ആദ്യ ഗോോ സംഭാവന. 42ആം മിനുട്ടിൽ ചലോബയും ഒരു ഗോൾ ബ്രൈറ്റണു വേണ്ടി സ്കോർ ചെയ്തു കൊടുത്തു. സ്കോർ 3-0.
ചെൽസി ആദ്യ പകുതിയിൽ തന്നെ നല്ല അവസരങ്ങൾ സൃഷ്ടിച്ചിരുന്നു. പക്ഷെ ബ്രൈറ്റൺ കീപ്പർ സാഞ്ചേസ് ചെൽസിക്ക് തടസ്സമായി നിന്നു. രണ്ടാം പകുതിയിൽ ചെൽസി ഗോൾ കീപ്പർ കെപയെ മാറ്റി മെൻഡിയെ വലക്ക് മുന്നിൽ എത്തിച്ചു. രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ ചെൽസി ആദ്യ ഗോൾ കണ്ടെത്തി. കായ് ഹവേർട്സിന്റെ ഹെഡറാണ് കളിയിലേക്ക് ചെൽസിയെ തിരികെ കൊണ്ടു വന്നത്.
പക്ഷെ ഈ ഗോളിനപ്പുറം ചെൽസിക്ക് വളരാൻ ആയില്ല. ബ്രൈറ്റൺ കൗണ്ടറുകളിലൂടെ നിരന്തരം അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. ഇഞ്ച്വറി ടൈമിൽ ഗ്രോസിലൂടെ നാലാം ഗോൾ കൂടെ വന്നതോടെ ബ്രൈറ്റൺ ജയം പൂർത്തിയായി.
ചെൽസിക്ക് ഇത് പുതിയ പരിശീലകൻ പോട്ടറിന് കീഴിലെ ആദ്യ പരാജയം എന്ന പോലെ ബ്രൈറ്റണ് ഇത് ഡി സെർബിയുടെ കീഴിലെ ആദ്യ വിജയമാണ്. ഈ വിജയം ബ്രൈറ്റണെ 18 പോയിന്റുമായി ഏഴാം സ്ഥാനത്ത് എത്തി. ചെൽസി 21 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു.