ഡാലസിൽ നടന്ന മേജർ ലീഗ് ക്രിക്കറ്റ് (MLC) 2025-ലെ ക്വാളിഫയർ 2 മത്സരത്തിൽ കിറോൺ പോളാർഡിന്റെയും നിക്കോളസ് പൂരാന്റെയും തകർപ്പൻ പ്രകടനമാണ് എംഐ ന്യൂയോർക്കിന് ഫൈനൽ പ്രവേശനം നേടിക്കൊടുത്തത്. ടെക്സാസ് സൂപ്പർ കിംഗ്‌സിനെ (TSK) ഏഴ് വിക്കറ്റിനാണ് എംഐ ന്യൂയോർക്ക് തകർത്തത്.

166 റൺസ് വിജയലക്ഷ്യം പിന്തുടർന്ന എംഐ ന്യൂയോർക്കിന് വേണ്ടി ക്വിന്റൺ ഡി കോക്കും മൈക്കൽ ബ്രേസ്‌വെല്ലും വേഗത്തിൽ പുറത്തായത് തിരിച്ചടിയായി. എന്നാൽ, ക്യാപ്റ്റൻ മോനാങ്ക് പട്ടേലിന്റെ (49 റൺസ്) മികച്ച പ്രകടനവും നിക്കോളസ് പൂരാന്റെ (52* റൺസ്) സ്ഥിരതയാർന്ന ബാറ്റിംഗും ടീമിന് പ്രതീക്ഷ നൽകി.
മത്സരം പൂർണ്ണമായും എംഐ ന്യൂയോർക്കിന്റെ വരുതിയിലാക്കിയത് പോളാർഡിന്റെ വെടിക്കെട്ട് ബാറ്റിംഗായിരുന്നു.
നൂർ അഹമ്മദിനെതിരെ ആദ്യ പന്തിൽ തന്നെ 100 മീറ്റർ സിക്സർ പറത്തി പോളാർഡ് തന്റെ വരവറിയിച്ചു. പിന്നീട് 17-ാം ഓവറിൽ സിയാ-ഉൾ-ഹഖിന്റെ പന്തുകളിൽ നിന്ന് 23 റൺസ് വാരിക്കൂട്ടി പോളാർഡ് (47* റൺസ്, 22 പന്തിൽ) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
നേരത്തെ ബാറ്റ് ചെയ്ത TSK-ക്ക് വേണ്ടി ഫാഫ് ഡുപ്ലെസിസിന്റെ (59 റൺസ്) അർദ്ധ സെഞ്ച്വറിയും അകീൽ ഹൊസൈന്റെ (55* റൺസ്) വെടിക്കെട്ട് ബാറ്റിംഗും ആണ് ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
ജൂലൈ 14-ന് നടക്കുന്ന ഫൈനലിൽ വാഷിംഗ്ടൺ ഫ്രീഡമാണ് എംഐ ന്യൂയോർക്കിന്റെ എതിരാളികൾ.