അവിഷ്ക ഫെര്‍ണാണ്ടോയുടെ ശതകത്തിന്റെയും മറ്റു താരങ്ങളുടെ നിര്‍ണ്ണായക സംഭാവനകളുടെയും ബലത്തില്‍ 338/6 എന്ന സ്കോര്‍ നേടിയ ശ്രീലങ്കയ്ക്കെതിരെ ചേസിംഗിനറങ്ങിയ വിന്‍ഡീസിനെ ടോപ് ഓര്‍ഡര്‍ കൈവിട്ടുവെങ്കിലും അവസാന നിമിഷം വരെ പൊരുതി നിന്ന് നിക്കോളസ് പൂരന്റെ വീരോചിതമായ പോരാട്ടം. 18 മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ബൗളിംഗിലേക്ക് തിരികെ എത്തിയ ആഞ്ചലോ മാത്യൂസ് പൂരനെ വീഴ്ത്തുമ്പോള്‍ 103 പന്തില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസ് യുവ താരത്തിന്റെ മടക്കം. ആര്‍ക്ക് പന്തേല്പിക്കുമെന്ന് ആലോചിച്ച് വലഞ്ഞ ശ്രീലങ്കന്‍ നായകന് ദിമുത് കരുണാരത്നേ എടുത്ത വലിയ റിസ്ക് പക്ഷേ ശ്രീലങ്കയ്ക്ക് അനുകൂലമായി മാറുകയായിരുന്നു. പൂരന് പുറത്തായതോടെ ഗതി നഷ്ടമായ വിന്‍ഡീസ് ഇന്നിംഗ്സ് 315 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.
ടോപ് ഓര്‍ഡര്‍ 84/4 എന്ന നിലയിലേക്ക് വീണ ശേഷം നിക്കോളസ് പൂരന്റെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തില്‍ വിന്‍ഡീസ് പൊരുതിയെങ്കിലും ലക്ഷ്യത്തിന് 23 റണ്‍സ് അകലെ വരെ എത്തുവാനെ 9 വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസിന് സാധിച്ചുള്ളു. പൂരനും ഫാബിയന്‍ അല്ലെനും ക്രീസില്‍ നിന്ന് സമയത്ത് വിന്‍ഡീസ് ജയ സാധ്യത പുലര്‍ത്തിയെങ്കിലും അല്ലെന്റെ റണ്ണൗട്ട് മത്സരഗതി മാറ്റുകയായിരുന്നു.
ജേസണ്‍ ഹോള്‍ഡര്‍ക്കൊപ്പം 61 റണ്‍സും കാര്‍ലോസ് ബ്രാത്വൈറ്റിനെ സാക്ഷി നിര്‍ത്തി ആറാം വിക്കറ്റില്‍ 54 റണ്‍സും പൂരന് നേടി വിന്‍ഡീസ് നിരയിലെ ഒറ്റയാള്‍ പോരാട്ടം നടത്തുകയായിരുന്നു പൂരന്. കാര്‍ലോസ് ബ്രാത്വൈറ്റ്(8) പുറത്തായ ശേഷം എത്തിയ ഫാബിയന്‍ അല്ലെനും നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിച്ചപ്പോള് വിന്‍ഡീസ് ക്യാമ്പില്‍ നേരിയ പ്രതീക്ഷ ഉയര്‍ന്നിരുന്നു. മത്സരം അവസാന പത്തോവറിലേക്ക് കടന്നപ്പോള്‍ ലക്ഷ്യം 96 റണ്‍സായി പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് കുറച്ചിരുന്നു.
അവിടെ നിന്ന് മത്സരം പൂര്‍ണ്ണമായും വിന്‍ഡീസ് പക്ഷത്തേക്ക് ഈ ഏഴാം വിക്കറ്റ് കൂട്ടുകെട്ട് മാറ്റി മറിയ്ക്കുകയായിരുന്നു. മലിംഗയുള്‍പ്പടെയുള്ള ശ്രീലങ്കന്‍ ബൗളര്‍മാരെ സധൈര്യം നിക്കോളസ് പൂരനും ഫാബിയന്‍ അല്ലെനും ചേര്‍ന്ന് നേരിടുകയായിരുന്നു. 45ാം ഓവറിന്റെ ആദ്യ പന്തില്‍ മത്സരഗതിയ്ക്കെതിരായി ഫാബിയന്‍ അല്ലെന് റണ്ണൗട്ടായപ്പോള്‍ 32 പന്തില്‍ നിന്ന് 7 ബൗണ്ടറി സഹിതം 51 റണ്‍സാണ് അല്ലെന് നേടിയത്. ഒരു സിക്സും താരം നേടി. 83 റണ്‍സാണ് ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് അടിച്ച് കൂട്ടിയത്. മത്സരത്തില്‍ ആദ്യമായി നിക്കോളസ് പൂരനെക്കാള്‍ വേഗത്തില്‍ ഒരു താരം ബാറ്റ് വീശിയത് ഫാബിയന്‍ അല്ലെന് ആയിരുന്നു.
അടുത്ത പന്തില്‍ നിക്കോളസ് പൂരന് തന്റെ കന്നി ഏകദിന ശതകം നേടി. 93 പന്തില്‍ നിന്നായിരുന്നു പൂരന്റെ ഇന്നിംഗ്സ്. അതേ ഓവറില്‍ തന്നെ ഒരു സിക്സ് കൂടി പായിച്ച് പൂരന് തന്റെ ലക്ഷ്യം എന്താണെന്ന് വ്യക്തമാക്കുകയായിരുന്നു. 30 പന്തില്‍ നിന്ന് ലക്ഷ്യം 47 റണ്‍സായി മാറിയിരുന്നുവെങ്കിലും വിക്കറ്റുകളായിരുന്നു വിന്‍ഡീസിന്റെ പ്രശ്നം.
മലിംഗ എറിഞ്ഞ അടുത്ത ഓവറില്‍ പൂരന് നല്കിയ ഒരു അവസരം സബ്സ്റ്റിറ്റ്യൂട്ടായി ഇറങ്ങിയ തിസാര പെരേര കൈവിട്ട് ബൗണ്ടറി വിട്ട് നല്‍കുകയായിരുന്നു. മത്സരത്തിലെ തന്നെ നിര്‍ണ്ണായകമായ ഘടത്തില്‍ ബൗളിംഗ് ദൗത്യം ആഞ്ചലോ മാത്യൂസിനെ ഏല്പിച്ചത് ശ്രീലങ്കയ്ക്ക് തുണയായി മാറുന്നതാണ് പിന്നീട് കണ്ടത്. 18 മാസങ്ങള്‍ക്ക് ശേഷം താന്‍ ആദ്യമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ എറിഞ്ഞ പന്തില്‍ തന്നെ നിക്കോളസ് പൂരനെ വീഴ്ത്തി മാത്യൂസ് വിന്‍ഡീസ് പ്രതീക്ഷകളെ തകര്‍ത്തു.