പ്രീമിയർ ലീഗിൽ നിന്ന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്ന ടീമുകളിൽ ഒന്നാവാൻ ലിവർപൂളിന് ഇനി ഒരു വിജയം മാത്രം മതി. ഇന്ന് ബേർൺലിയെ കൂടെ പരാജയപ്പെടുത്തിയതോടെ ക്ലോപ്പിന്റെ ടീം ലീഗിൽ നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുകയാണ്. നീണ്ടകാലമായി ആദ്യ നാലിൽ നിന്ന് പുറത്തായിരുന്ന ലിവർപൂൾ ലീഗ് അവസാനിക്കാൻ വെറും ഒരു റൗണ്ട് മത്സരം മാത്രം ബാക്കി ഇരിക്കെ ആണ് ടോപ് 4ൽ തിരികെ എത്തിയത്.
ഇന്ന് ടർഫ് മൂറിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് ലിവർപൂൾ വിജയിച്ചത്. ആദ്യ പകുതിയുടെ അവസാനം ഫർമീനോ ആണ് ലിവർപൂളിന് ലീഡ് നൽകിയത്. രണ്ടാം പകുതിയിൽ നാറ്റ് ഫിലിപ്സും ഓക്സ് ചമ്പെർലൈനും ലിവർപൂളിന്റെ ഗോൾ പട്ടിയ പൂർത്തിയാക്കി. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്ന് ലിവർപൂളിന് 66 പോയിന്റുമായി നാലാം സ്ഥാനത്ത് എത്തി. 67 പോയിന്റുമായി ചെൽസി മൂന്നാമത് നിൽക്കുന്നു. 66 പോയിന്റു തന്നെയുള്ള ലെസ്റ്ററിന് ഗോൾ ഡിഫറൻസ് ആണ് തിരിച്ചടിയായിരിക്കുന്നത്.













