മലപ്പുറം: കേരള പോലീസ് മുന്‍ പ്രതാപകാലത്തേക്ക് തിരിച്ചുവരുന്നതിന്റെ സൂചനയാണ് ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോളില്‍ ടീമിന്റെ പ്രകടനം. ഇന്നലെ ഗ്രൂപ്പ് ഇയിലെ അവസാന മത്സരത്തില്‍ പോലീസ് ടീം മികച്ച പ്രകടനം നടത്തിയാണ് മഹാരാഷ്ട്രയെ വരുതിയിലാക്കിയത്. തുടക്കം മുതല്‍ അവസാനം വരെ എതിരാളിയെ പിന്നിലാക്കിയ ടീമിന്റെ ഒത്തിണക്കവും ഇന്നലെ കണ്ടു.
പ്രീക്വാര്‍ട്ടറിലെത്തിയതിനാല്‍ ഒന്ന് രണ്ട് താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചാണ് ക്ലാരിയില്‍ കളിക്കാനിറങ്ങിയത്. കഴിഞ്ഞ രണ്ട് കളികളില്‍ രണ്ട് ഗോളടിച്ച വിപിന്‍തോമസ്, ഷനൂപ്, ഹര്‍ഷിദ് എന്നിവരെയാണ് ബെഞ്ചിലിരുത്തിയത്. മുന്നേറ്റനിരയില്‍ മാത്രമാണ് കാര്യമായ മാറ്റം വരുത്തിയത്. പ്രതിരോധനിരയില്‍ മര്‍സൂഖിനെ മാത്രമാണ് പരീക്ഷിച്ചത്. ഗോള്‍ വലകാക്കാന്‍ വിശ്വസ്തനായ നിഷാദിന് തന്നെ അവസരം കൊടുത്തു.
എതിരാളികള്‍ക്കനുസരിച്ചാണ് ടീമിന്റെ ഇപ്പോഴുള്ള പ്രകടനം. ഇതിനൊക്കെ പുറമെ മലപ്പുറത്തെ കാണികളുടെ പിന്തുണയുള്ളതും ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ സയാഹകമാവുന്നുണ്ട്. ഇ ഗ്രൂപ്പിലെ കരുത്തരായ സിക്കിം,ആസാം, മഹാരാഷ്ട്ര ടീമുകളോട് പോരാടിയാണ് പോലീസിന്റെ പ്രീക്വാര്‍ട്ടര്‍ പ്രവേശനം. ഏഴ് ഗോളടിച്ച് ഒരു ഗോള്‍ മാത്രമാണ് വാങ്ങിയത്. നിഷാദിന്റേയും പ്രതിരോധനിരയുടേയും വിജയമാണിത്. മുന്നേറ്റനിരയില്‍ കെ ഫിറോസ് ഫോമിലായിട്ടുണ്ട്. ഷനൂപും, കിട്ടുന്ന അവസരത്തില്‍ ഗോളടിക്കാന്‍ മുന്നോട്ടു കയറുന്ന വിപിന്‍ തോമസും ടീമില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കിട്ടുന്ന ഗോളവസരങ്ങള്‍ കൂടുതല്‍ ഉപയോഗപ്പെടുത്താനായാല്‍ ടീം കൂടുതല്‍ മുന്നേറുമെന്നാണ് കാണികളുടെ ഉത്തമ വിശ്വാസം.
ടീമിനൊപ്പം ഓടി നടന്ന് പ്രോത്സാഹിപ്പിക്കുന്ന മുന്‍ സന്തോഷ്ട് ട്രോഫി താരം ഹബീബ് റഹ്മാന്‍, കോച്ച് എസ് സുനില്‍, അസി.കോച്ച് കെ എ ആന്‍സണ്‍ എന്നിവരും മുന്‍ അന്താരാഷ്ട്രാ താരങ്ങളായ ഐ എം വിജയന്‍, യു ഷറഫലി(മാനേജര്‍),കെ ടി ചാക്കോ, കുരികേശ്മാത്യു, തുടങ്ങിയ പ്രമുഖരുടെ പിന്തുണയും ടീമിന് കരുത്തേകുന്നുണ്ട്.