ഫുട്ബോളിൽ ഇപ്പോൾ പണമാണ് എല്ലാം. ഒരോ സീസണിലും കോടികൾ മുടക്കി താരങ്ങളെ എത്തിച്ചിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകൾ തകരുമ്പോൾ പോചടീനോ പണമില്ലാതെ ഒരു ഫുട്ബോൾ കൊട്ടാരം പണിയുകയാണ് സ്പർസിൽ. ഈ സീസണിൽ ടോട്ടൻഹാം സൈൻ ചെയ്ത താരങ്ങളുടെ എണ്ണം പൂജ്യമാണ്. വട്ട പൂജ്യം. 2017 ഓഗസ്റ്റ് മുതൽ ഇങ്ങോട്ട് സൈൻ ചെയ്തത് ഒരേയൊരു താരത്തെ. ആ താരം ആകട്ടെ ലൂകാസ് മോറയും. അതെ ഇന്ന് ഫൈനലിലേക്ക് ഹാട്രിക്കിമായി വഴി തെളിച്ച ലൂകാസ് മോറ.
പണം ഒന്നും ചിലവഴിക്കാൻ ഇല്ലാതിരുന്നിട്ടും പോചടീനോ ടോട്ടൻഹാമിനെ യൂറോപ്പിലെ വമ്പന്മാരാക്കി. പോചടീനോ വരുമ്പോൾ ടോപ്പ് 4ൽ എത്തിയാൽ തന്നെ ആഘോഷം ആക്കുന്ന ക്ലബായിരുന്നു ടോട്ടൻഹാം. ഇപ്പോൾ അവർ ഇംഗ്ലണ്ടിലെ വൻ ക്ലബുകൾക്ക് ഒപ്പം തന്നെ നിൽക്കുന്നു. ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിലേക്കുള്ള പോചടീനോയുടെ ക്ലബിന്റെ യാത്ര തന്നെ കടുപ്പമേറിയതായിരുന്നു.
ആദ്യ ഗ്രൂപ്പ ബാഴ്സലോണയും ഇന്റർ മിലാനും. അത് മറികടന്നപ്പോൾ പ്രീക്വാർട്ടറിൽ ഡോർട്മുണ്ട്. അവരെയും മറികടന്ന് ക്വാർട്ടറിൽ എത്തിയപ്പോൾ മാഞ്ചസ്റ്റർ സിറ്റി. അതും പോചടീനോ മറികടന്നു. സെമിയ അയാക്സിനെതിരെ 3-0ന് ആണ് പിറകിൽ പോയത്. അതും 45 മിനുട്ട് മാത്രം ബാക്കി നിൽക്കെ. എന്നിട്ടും ടോട്ടൻഹാം ഫൈനലിൽ എത്തി.
പോചടീനോയുടെ ഈ മികവ് അദ്ദേഹം പറഞ്ഞത് പോലെ ഒരു സ്വപ്ന യാത്രയല്ല. താരങ്ങളിൽ വിശ്വാസം അർപ്പിക്കുന്ന ഒരു പരിശീലകന്റെ വിജയമാണ്.