ഇംഗ്ലീഷ് ക്ലബ് ചെൽസിയെ സ്വന്തമാക്കാനുള്ള ശ്രമത്തിൽ അമേരിക്കൻ ശതകോടീശ്വരൻ ടോഡ് ബോഹ്ലിയുടെ ഗ്രൂപ്പ് വിജയം കണ്ടു. ലോക റെക്കോർഡ് തുക ആയ 3.5 ബില്യൺ പൗണ്ടിനു മുകളിൽ (ഏകദേശം 34,000 കോടി ഇന്ത്യൻ കറൻസി) ആണ് അമേരിക്കൻ ഗ്രൂപ്പ് ചെൽസിയെ വാങ്ങാനുള്ള ശ്രമത്തിൽ വിജയിച്ചത്. അവസാന നിമിഷങ്ങളിൽ ചെൽസി മേടിക്കാൻ ശ്രമം നടത്തിയ ബ്രിട്ടനിലെ ഏറ്റവും വലിയ കോടീശ്വരൻ ആയ സർ.ജിം റാഡ്ക്ലിഫിന്റെ ശ്രമങ്ങൾ അതിജീവിച്ചു ആണ് അമേരിക്കൻ ഗ്രൂപ്പ് ചെൽസിയെ വാങ്ങാനുള്ള ശ്രമത്തിൽ ജയം കണ്ടത്. സ്വിസ് കോടീശ്വരൻ ഹൻസ്ജോർഗ് വ്യസും ഈ ഗ്രൂപ്പിൽ ഭാഗം ആണ്.
മേജർ ലീഗ് ബേസ് ബോൾ ടീം ആയ ലോസ് ആഞ്ചൽസ് ഡോഡ്ജേർസ് സഹ ഉടമ കൂടിയാണ് ടോഡ് ബോഹ്ലി. 4.25 ബില്യൺ പൗണ്ട് വിലയിട്ടാണ് സർ.ജിം റാഡ്ക്ലിഫ് ചെൽസി വാങ്ങിക്കാൻ എത്തിയത്. രണ്ടാഴ്ച മുമ്പ് ഓഫറുകൾ നൽകാനുള്ള ദിവസം അവസാനിച്ചു എങ്കിലും നിലവിൽ ക്ലബ് വിൽക്കുന്നതിൽ ഉള്ള സാവകാശം ആണ് ബ്രിട്ടീഷ് കോടീശ്വരനെ ഈ ശ്രമം നടത്താൻ പ്രേരിപ്പിച്ചത്. എന്നാൽ ഇത് നിരസിക്കപ്പെടുക ആയിരുന്നു. ഇനി ക്ലബും ബ്രിട്ടീഷ് സർക്കാരും ഈ നീക്കം അംഗീകരിച്ചാൽ ഔദ്യോഗികമായി തന്നെ ടോഡ് ബോഹ്ലി ഗ്രൂപ്പ് ചെൽസി ഉടമകൾ ആയി മാറും. ചെൽസിയെ അവിശ്വസനീയ ഉയരങ്ങളിൽ എത്തിച്ച റോമൻ അബ്രമോവിച്ചിനു പകരക്കാനാവാൻ അമേരിക്കൻ കോടീശ്വരനു ആവുമോ എന്നു കണ്ടറിയണം.