അറുപതു വയസ്സ് ഉണ്ട് സ്റ്റീവ് ബ്രൂസ് എന്ന ഇംഗ്ലീഷ് പരിശീലകനു, കളിക്കാരൻ ആയി ചെറുപ്പം മുതൽ ഇത് വരെ ഏതാണ്ട് 43 വർഷക്കാലം ഇംഗ്ലീഷ് ഫുട്ബോളിൽ അയ്യാൾ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ചെറുപ്പത്തിൽ പല ക്ലബുകൾ നിരാകരിച്ചു ഫുട്ബോൾ തന്നെ അവസാനിപ്പിക്കും എന്നിടത്ത് നിന്നു മാഞ്ചസ്റ്റർ യുണൈറ്റഡിനു ആയി 300 ൽ അധികം മത്സരങ്ങൾ കളിച്ച അവരുടെ നായകൻ ആയി പ്രീമിയർ ലീഗും എഫ്.എ കപ്പും നേടിയ താരമായി വളരാൻ കഠിനമായ പരിശ്രമം മാത്രമാണ് അയാളെ സഹായിച്ചത്. സാക്ഷാൽ അലക്സ് ഫെർഗൂസനു കീഴിൽ കളിക്കുമ്പോൾ തന്നെ പരിശീലകൻ ആവാനുള്ള ആഗ്രഹം പ്രകടിപ്പിച്ചു പിന്നീട് അത് യാഥാർത്ഥ്യം ആക്കിയതും സ്വയം പരിശ്രമം ഒന്നു കൊണ്ട് മാത്രം ആയിരുന്നു. സൂപ്പർ യൂറോപ്യൻ പരിശീലകർക്ക് ഇടയിൽ ബ്രിട്ടീഷ്/ഇംഗ്ലീഷ് പരിശീലകർ രണ്ടാം കിടക്കാർ ആവുന്ന ഇംഗ്ലീഷ് ഫുട്ബോളിൽ ബ്രൂസ് സ്വന്തമായി ഒരിടം തന്നെ സൃഷ്ടിച്ചിട്ട് ഉണ്ട്. കളിക്കുമ്പോൾ പ്രതിരോധത്തിൽ കീഴടങ്ങാൻ വിസമ്മതിച്ചു നിന്ന പോലെ പലപ്പോഴും തനിക്ക് ലഭിച്ച പരിമിതമായ ടീമിനെ വച്ച് അദ്ദേഹം ഇംഗ്ലീഷ് ഫുട്ബോളിൽ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്നു വിമർശകർ പോലും സമ്മതിക്കുന്ന കാര്യമാണ്.
ഏതാണ്ട് രണ്ടു പതിറ്റാണ്ട് നീളുന്ന പരിശീലന കരിയറിൽ 11 ടീമുകളെ സ്റ്റീവ് ബ്രൂസ് പരിശീലിപ്പിച്ചിട്ടുണ്ട്. ആദ്യ ഡിവിഷനിൽ ഷെഫീൾഡ് യുണൈറ്റഡിനെ പരിശീലിപ്പിച്ചു കരിയർ തുടങ്ങുന്ന സ്റ്റീവ് ബ്രൂസ് ബ്രിമിങാം സിറ്റിക്ക് പ്രീമിയർ ലീഗിലേക്ക് യോഗ്യത നേടി കൊടുത്തു ആണ് തന്റെ മികവ് തെളിയിക്കുന്നത്. 16 കൊല്ലത്തിനു ശേഷമാണ് അവർ ഇംഗ്ലീഷ് ടോപ്പ് ഫ്ളൈറ്റ് ഫുട്ബോളിൽ തിരിച്ചു എത്തുന്നത്. തുടർന്ന് 3 കൊല്ലം മികച്ച രീതിയിൽ പ്രീമിയർ ലീഗിൽ തുടരാനും അവർക്ക് ആവുന്നുണ്ട്. എന്നാൽ പിന്നീട് തരം താഴ്ത്തൽ നേരിട്ട ശേഷം ക്ലബുമായി വഴി പിരിഞ്ഞ ബ്രൂസ് വിഗൻ അത്ലറ്റിക്കിന്റെ പരിശീലകൻ ആവുന്നു. രണ്ടു സീസണിൽ അവരെ പ്രീമിയർ ലീഗിൽ തുടരാൻ സഹായിച്ച അദ്ദേഹം പിന്നീട് മോശം ഫോമിലുള്ള സണ്ടർലാന്റിനെയും പ്രീമിയർ ലീഗിൽ തുടരാൻ സഹായിക്കുന്നുണ്ട്. തുടർന്ന് രണ്ടു സീസണിനു ശേഷം ഹൾ സിറ്റിയിൽ എത്തിയ അദ്ദേഹം അവരെ എഫ്.എ കപ്പ് ഫൈനലിലും യൂറോപ്പ ലീഗിലേക്കും യോഗ്യത നേടി നൽകുന്നുണ്ട്. തുടർന്ന് അടുത്ത സീസണിൽ തരം താഴ്ത്തൽ നേരിട്ടെങ്കിലും തൊട്ടടുത്ത സീസണിൽ അവരെ പ്രീമിയർ ലീഗിലേക്ക് തിരിച്ചു കൊണ്ടു വരാനും അദ്ദേഹത്തിന് ആവുന്നുണ്ട്. എന്നാൽ ഹൾ സിറ്റിയിൽ തുടരാൻ തയ്യാറാവാത്ത അദ്ദേഹം ഈ സമയത്ത് ഇംഗ്ലീഷ് പരിശീലക സ്ഥാനത്തേക്കും പരിഗണിക്കപ്പെടുന്നുണ്ട്.
തുടർന്ന് ചാമ്പ്യൻഷിപ്പിൽ ആസ്റ്റൻ വില്ലയെയും, ഷെഫീൽഡ് വെനദ്സ്ഡേയും പരിശീലിപ്പിച്ച ശേഷമാണ് അദ്ദേഹം ദീർഘകാല സ്വപ്നം ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് പരിശീലകൻ ആവുന്നത്. വലിയ ആഗ്രഹങ്ങൾ സൂക്ഷിക്കുന്ന ആരാധകരുടെ മുമ്പിൽ റാഫേൽ ബെനിറ്റസിനെ പോലൊരു പരിശീലകനു പകരക്കാരൻ ആയി സ്റ്റീവ് ബ്രൂസ് എത്തുമ്പോൾ ന്യൂകാസ്റ്റിൽ ആരാധകരിൽ നിന്നു പോലും തുടക്കം മുതൽ ലഭിച്ചത് ക്രൂരമായ പരിഹാസങ്ങളും കൂവി വിളികളും ആണ്. പലപ്പോഴും മുമ്പും കളി ശൈലി കൊണ്ടു ഒക്കെ ആരാധക കോപത്തിനു കാരണം ആയ സ്റ്റീവ് ബ്രൂസിനെ പോലൊരാളെ അല്ല വലിയ ആഗ്രഹങ്ങൾ ഉള്ള എന്നാൽ സാമ്പത്തികമായി അത്ര ഭദ്രത ഇല്ലാത്ത വലിയ ക്ലബ് ആയ ന്യൂകാസ്റ്റിൽ യുണൈറ്റഡ് ആരാധകർ പ്രതീക്ഷിച്ചത്. ക്ലബ് റെക്കോർഡ് തുകക്ക് അലൻ സെന്റ് മാക്സിമിൻ, മിഗ്വൽ അൽമിറോൺ, ജോലിന്റൺ തുടങ്ങിയവരെ കൊണ്ടു വന്നു പ്രീമിയർ ലീഗിൽ ആ സീസണിൽ തുടരാൻ ബ്രൂസിനു സാധിക്കുന്നുണ്ട്. എന്നാൽ അത് ആയിരുന്നില്ല ന്യൂകാസ്റ്റിൽ ആരാധകർക്ക് വേണ്ടിയിരുന്നത്. വലിയ സ്വപ്നങ്ങൾ കണ്ട അവർക്ക് മുന്നിലേക്ക് ക്ലബ് ഏറ്റെടുക്കാൻ സൗദി അറേബ്യയിൽ നിന്നു വലിയ ഗ്രൂപ്പ് വന്നപ്പോൾ ഉറപ്പായിട്ടും ബ്രൂസ് ഒരു അധികപ്പറ്റ് ആയി. ഒപ്പം സീസണിലെ മോശം ഫോമും ആയപ്പോൾ അദ്ദേഹത്തിന് പുറത്തേക്കുള്ള വഴി ഉറപ്പായി. സ്റ്റീവ് ബ്രൂസിന് നഷ്ടപരിഹാരം നൽകാൻ നിലവിലെ ഉടമ മൈക്ക് ആഷ്ലി ബോർഡിനോട് യാചിച്ചു എന്നു പോലും റിപ്പോർട്ടുകൾ വന്നു. ഈ പുറത്താക്കൽ ആവട്ടെ ന്യൂകാസ്റ്റിൽ ആരാധകർ ആഘോഷിക്കുക തന്നെ ആയിരുന്നു.
ജോലി നഷ്ടമായ ശേഷം വികാരപരമായി ആണ് അദ്ദേഹം പ്രതികരിക്കുന്നത്. ‘ഇത് തന്റെ അവസാന ജോലി ആയേക്കും, അത്രമേൽ കഠിനമാണ് ഈ ജോലി, ആരാലും വേണ്ടാത്ത അവസ്ഥ, നിരന്തരം അനാവശ്യ വസ്തു ആണെന്ന പരിഹാസം, നിരന്തരം നിങ്ങൾ പരാജയപ്പെടും എന്ന പറച്ചിൽ, മണ്ടനായ ടാക്ടിക്സ് ഒന്നും അറിയാത്ത കാബേജ് തല എന്ന പരിഹാസം ഒക്കെ തനിക്ക് അത്രമേൽ ബുദ്ധിമുട്ട് ആണ് നൽകിയത്.’ എന്നു സ്റ്റീവ് ബ്രൂസ് തുറന്നു പറഞ്ഞു. ചിലപ്പോൾ ഇത്ര വികാരപരിതമായി പരാജിതൻ എന്ന പോലെ ഇത്ര അനുഭവസമ്പന്നനായ ഒരു 60 കാരൻ ഫുട്ബോൾ പരിശീലകൻ പ്രതികരിക്കുന്നത് ഫുട്ബോൾ ചരിത്രത്തിൽ ആദ്യമായിരിക്കും. അത്രക്ക് നീതിയില്ലാത്ത വിധം ആണ് സ്റ്റീവ് ബ്രൂസ് സ്വീകരിക്കപ്പെട്ടത് എന്നത് വാസ്തവം തന്നെയാണ്. ചിലപ്പോൾ അദ്ദേഹം അത്ര നല്ല പരിശീലകൻ അല്ലായിരിക്കാം, പ്രതീക്ഷിച്ച പോലെ ഉയരാൻ പറ്റിയില്ലായിരിക്കാം പക്ഷെ കുട്ടികളെയും കുടുംബത്തെയും വരെ പരിഹസിക്കുകയും തെറി പറയുകയും കൊലപാതക ഭീഷണി ഉയർത്തുകയും ചെയ്യുന്ന ഫുട്ബോൾ സംസ്കാരം ഒരിക്കലും അംഗീകരിക്കാൻ പറ്റാത്തത് ആണ്. പലപ്പോഴും അത്തരം ആരാധക പെരുമാറ്റം ഒരു 60 കാരനെ പോലും ഇത്രക്ക് തളർത്തുന്നു എങ്കിൽ അത് അവരിൽ ഉണ്ടാക്കുന്ന മാനസിക പിരിമുറുക്കം എത്രമാത്രം ആയിരിക്കും എന്നോർക്കുക.
ഇത് സ്റ്റീവ് ബ്രൂസിൽ മാത്രം ഒതുങ്ങുന്ന കാര്യമല്ല. വംശീയമായി പരിഹസിക്കപ്പെട്ട, താരത്തിന്റെ പിഞ്ചു കുഞ്ഞിനെ പോലും വെറുതെ വിടാത്ത വെറുപ്പ് നിറയുന്ന സാമൂഹിക മാധ്യമങ്ങൾ പുതിയ കാലത്തിന്റെ കാഴ്ചയാണ്. അത്രമേൽ ബഹുമാനിക്കപ്പെടുന്ന ആഴ്സനെ വെങർ മുതൽ ആദ്യ മത്സരത്തിന് ഇറങ്ങുന്ന താരം പോലും ആരാധകരുടെ ക്രൂരമായ പെരുമാറ്റത്തിന് ഇരകൾ ആവുന്നുണ്ട്. എമിറേറ്റ്സിൽ ജേഴ്സി വലിച്ചെറിഞ്ഞു ആരാധകർക്ക് നേരെ പ്രതികരിക്കാൻ ആഴ്സണൽ താരം ഗ്രാനിറ്റ് ശാക്കയെ പ്രേരിപ്പിച്ചത് തന്റെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞിന് നേരെയുള്ള ചില ആരാധകരുടെ വിദ്വേഷ പ്രതികരണം ആയിരുന്നു. വംശീയമായി ആക്രമിക്കപ്പെട്ട സാക്ക, സാഞ്ചോ, റാഷ്ഫോർഡ് എന്നിവർ യൂറോക്കപ്പിന്റെ ബാക്കി പത്രം ആയിരുന്നു. ഇങ്ങനെ നിരന്തരം എത്ര എത്ര പ്രശ്നങ്ങൾ. ക്ലബിനോടുള്ള, ടീമിനോടുള്ള സ്നേഹമോ വെറുപ്പോ ആവും ആരാധകരെ കൊണ്ടു ഇങ്ങനെ ചെയ്യിക്കുന്നത് എന്നത് ഒന്നും ഒരു കാലത്തും നീതികരിക്കാവുന്ന വാദമല്ല. സ്റ്റീവ് ബ്രൂസിന് പിന്തുണയും ആയി വന്ന താരങ്ങളും പരിശീലകരും ഒക്കെ ആവർത്തിക്കുന്നതും ഇതേ കാര്യം തന്നെയാണ്. കറ്റലോണിയയിൽ നിന്നു വന്ന തന്നെ പരിചിതമല്ലാത്ത സ്ഥലത്ത് ഏതു തരത്തിൽ ആണ് സ്റ്റീവ് ബ്രൂസ് ന്യൂകാസ്റ്റിലിലെ മികച്ച താരം ആക്കി മാറ്റിയത് എന്നു സെന്റ് മാക്സിമിൻ പറയുന്നുണ്ട്. അത്രക്ക് മാന്യനായ അദ്ദേഹം പരിഹസിക്കുന്നവർക്ക് ചെവി കൊടുക്കരുത് എന്നും ഫ്രഞ്ച് താരം അഭ്യർത്ഥിക്കുന്നുണ്ട്. താരങ്ങളുടെ, പരിശീലകരുടെ മനുഷ്യരുടെ മാനസിക ആരോഗ്യത്തെ കുറിച്ച് നിരന്തരം ചർച്ച നടക്കുന്ന ആത്മഹത്യ കാൻസറിനെക്കാൾ ജീവൻ എടുക്കുന്ന ഈ കാലഘട്ടത്തിൽ ഈ ആരാധക ഭ്രാന്തുകൾ ഒരു കാലത്തും അംഗീകരിക്കാൻ ആവില്ല. മുൻ ആഴ്സണൽ താരം ജാക്ക് വിൽഷെയർ ചോദിച്ചത് പോലെ എങ്ങനെയാണ് ഇത്തരം പെരുമാറ്റങ്ങൾ ശരിയായി പരിഗണിക്കാൻ പറ്റുക?