അന്റോണിയോ കോന്റെക്ക് ടോട്ടൻഹാം പരിശീലകനായി സ്വന്തം മൈതാനത്ത് ആദ്യ തോൽവി സമ്മാനിച്ചു സൗതാപ്റ്റൺ. ആവേശകരമായ ത്രില്ലറിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് ആണ് സെയിന്റ്സ് ലണ്ടൻ ടീമിനെ വീഴ്ത്തിയത്. പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിലും എല്ലാം ടോട്ടൻഹാമിനു മുകളിൽ സൗതാപ്റ്റൺ ആധിപത്യം കാണിച്ചു മത്സരത്തിൽ. 18 മത്തെ മിനിറ്റിൽ യാൻ ബെഡ്നർക്കിന്റെ സെൽഫ് ഗോളിലൂടെ ടോട്ടൻഹാം ആണ് മത്സരത്തിൽ മുന്നിൽ എത്തിയത്. എന്നാൽ നാലു മിനിറ്റിനുള്ളിൽ സൗതാപ്റ്റൺ തിരിച്ചടിച്ചു. മികച്ച ഫോമിലുള്ള ചെൽസിയിൽ നിന്നു ലോണിൽ എത്തിയ അർമാണ്ടോ ബ്രോജ റോമായിൻ പെറാഡിന്റെ പാസിൽ നിന്നു സൗതാപ്റ്റണിനു സമനില ഗോൾ സമ്മാനിച്ചു.
ത്രില്ലർ രണ്ടാം പകുതിയാണ് മത്സരത്തിൽ പിന്നീട് കണ്ടത്. എഴുപതാം മിനിറ്റിൽ ലൂകാസ് മൗറയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ സോൺ സ്പെർസിന് വീണ്ടും മുൻതൂക്കം നൽകി. എന്നാൽ തുടർന്ന് 79, 82 മിനിറ്റുകളിൽ ഗോളുകൾ നേടിയ സൗതാപ്റ്റൺ വിജയം തട്ടിയെടുക്കുക ആയിരുന്നു. ക്യാപ്റ്റൻ വാർഡ് പ്രോസിന്റെ ക്രോസിൽ നിന്നു മുഹമ്മദ് എൽനൗസിയാണ് ഹെഡറിലൂടെ സൗതാപ്റ്റണിനു വീണ്ടും സമനില സമ്മാനിക്കുന്നത്. തുടർന്ന് 3 മിനിറ്റിനുള്ളിൽ വാർഡ് പ്രോസിന്റെ മറ്റൊരു ക്രോസിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ചെ ആദം സെയിന്റ്സിന് സ്വപ്ന വിജയം സമ്മാനിക്കുക ആയിരുന്നു. അവസാന നിമിഷം സ്റ്റീവൻ ബെർഗയിൻ സ്പെർസിന് ആയി ഗോൾ നേടിയെങ്കിലും വാർ ഓഫ് സൈഡ് വിധിക്കുക ആയിരുന്നു. തോൽവി സ്പെർസിന്റെ ആദ്യ നാലു പ്രതീക്ഷകൾക്ക് തിരിച്ചടിയാണ്. ലീഗിൽ നിലവിൽ ഏഴാമത് ആണ് അവർ. അതേസമയം സൗതാപ്റ്റൺ ലീഗിൽ പത്താം സ്ഥാനത്തു നിൽക്കുകയാണ്.