പ്രീമിയർ ലീഗിൽ തങ്ങളുടെ വിജയ കുതിപ്പ് തുടർന്ന് മാഞ്ചസ്റ്റർ സിറ്റി. ഇത്തവണ ബ്രന്റ്ഫോർഡിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ മറികടന്നത്. ലീഗിൽ പതിനാലാം സ്ഥാനത്തുള്ള എതിരാളികൾക്ക് എതിരെ സ്വന്തം മൈതാനത്ത് 76 ശതമാനം പന്ത് കൈവശം വച്ചതും സിറ്റി ആയിരുന്നു. എന്നാൽ ഗോൾ നേടാൻ ആദ്യ പകുതിയിൽ 40 മത്തെ മിനിറ്റ് വരെ അവർ കാത്തിരിക്കേണ്ടി വന്നു.
റഹീം സ്റ്റെർൽങിനെ മാഡ്സ് റോറസ്ലെവ് വീഴ്ത്തിയത്തിന് ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട റിയാദ് മാഹ്രസ് സിറ്റിക്ക് ആദ്യ ഗോൾ സമ്മാനിക്കുക ആയിരുന്നു. രണ്ടാം പകുതിയിൽ 69 മത്തെ മിനിറ്റിൽ സ്റ്റെർൽങിന്റെ ശ്രമം ഗോൾ കീപ്പർ തടഞ്ഞു എങ്കിലും റീ ബോണ്ട് ലക്ഷ്യം കണ്ട കെവിൻ ഡി ബ്രൂയിൻ സിറ്റിക്ക് ജയം സമ്മാനിക്കുക ആയിരുന്നു. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ലിവർപൂളും ആയുള്ള പോയിന്റ് വ്യത്യാസം സിറ്റി 12 ആക്കി ഉയർത്തി. അതേസമയം രണ്ടു മത്സരങ്ങൾ ലിവർപൂളിനെക്കാൾ അധികം കളിച്ചിട്ടുണ്ട് അവർ.