പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ വിജയക്കുതിപ്പിന് കാരോ റോഡിലും തുടർച്ച. ലീഗിലെ അവസാനക്കാർ ആയ നോർവിച്ചിന് എതിരെ 1-0 ജയം കണ്ട അവർ തുടർച്ചയായ 17 മത്തെ മത്സരത്തിൽ ആണ് ജയം കണ്ടത്. പ്രതീക്ഷിച്ച ആധികാരിക ജയത്തിൽ നിന്ന് ലിവർപൂളിനെ തടയാൻ നോർച്ചിനു ആയെങ്കിലും പരിക്ക് മാറി പകരക്കാരനായി ഇറങ്ങിയ സാദിയോ മാനെയെ തടയാൻ അവർക്ക് ആയില്ല. നന്നായി കളിച്ച നോർവിച്ച് ആദ്യ പകുതിയിൽ നല്ലൊരു അവസരം തുറന്നു എങ്കിലും ആലിസൻ ലിവർപൂളിന്റെ രക്ഷകൻ ആയി. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിൽ കൂടുതൽ ഉണർന്നു കളിച്ചു ലിവർപൂൾ. എന്നാൽ ഗോൾ കണ്ടത്താൻ അവർക്ക് ആയില്ല. ഇതിനിടയിൽ നോർവിച്ചിന്റെ ഒരു മികച്ച ശ്രമം പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.
എന്നാൽ ചേമ്പർലിന് പകരം ഇറങ്ങിയ മാനെ ഇവിടെ ലിവർപൂളിനു രക്ഷകനായി അവതരിക്കുക ആയിരുന്നു. മത്സരം അവസാനിക്കാൻ 10 മിനിറ്റിൽ അധികം വേണ്ട സമയത്ത് ജോർദൻ ഹെന്റേഴ്സന്റെ പാസിൽ നിന്ന് മനോഹരമായ ഒരു ഇടത് കാൽ അടിയോടെ മാനെ ക്രൂലിനെ മറികടന്ന് ക്ളോപ്പിന് ജയം സമ്മാനിച്ചു. ഇതോടെ ലീഗിൽ തുടർച്ചയായ 17 മത്തെ ജയം ആണ് ലിവർപൂൾ നേടിയത്. ലിവർപൂളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയക്കുതിപ്പ് ആണ് ഇത്. കൂടാതെ സീസണിൽ ഇത് 12 മത്തെ തവണയാണ് ലിവർപൂൾ ഒരു ഗോൾ വ്യത്യാസത്തിൽ മത്സരം ജയിക്കുന്നത്. കൂടാതെ 26 മത്സരങ്ങൾക്ക് ശേഷം 1996/97 ലെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിന്റെ റെക്കോർഡ് ആയ 75 പോയിന്റുകളും അവർ മറികടന്നു. നിലവിൽ ലിവർപൂളിനു 76 പോയിന്റുകൾ ആണ് ഉള്ളത്. ഒരു മത്സരം കുറവ് കളിച്ച രണ്ടാം സ്ഥാനക്കാർ ആയ മാഞ്ചസ്റ്റർ സിറ്റിക്ക് ആവട്ടെ 51 പോയിന്റുകളും, അതായത് 26 മത്സരങ്ങൾക്ക് ശേഷം രണ്ടാം സ്ഥാനക്കാരെക്കാൾ 25 പോയിന്റുകൾ മുന്നിൽ.
നിലവിൽ അടുത്ത സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കളിക്കാൻ ആവില്ല എന്നതിനാൽ ചാമ്പ്യൻസ് ലീഗ് യോഗ്യതയും 12 മത്സരങ്ങൾ അവശേഷിക്കുമ്പോൾ തന്നെ ലിവർപൂൾ ഉറപ്പാക്കി. ഒരു മത്സരവും തോൽക്കാതെ ലീഗ് അടിക്കാൻ കുറിക്കുന്ന അവർ ചെൽസിയുടെ പരാജയം അറിയാതെയുള്ള പ്രീമിയർ ലീഗ് കുതിപ്പിന്റെ റെക്കോർഡും മറികടന്നു. നിലവിൽ 43 കളികളിൽ ലിവർപൂൾ തോൽവി അറിഞ്ഞിട്ടില്ല, 49 കളികളിൽ തോൽവി അറിയാത്ത ആർസണൽ മാത്രം ആണ് നിലവിൽ ലിവർപൂളിനു മുന്നിലുള്ള ക്ലബ്. ചാമ്പ്യൻസ് ലീഗിൽ അത്ലറ്റികോ മാഡ്രിഡിനെ നേരിടാൻ ഒരുങ്ങുന്ന ലിവർപൂളിന് മാനെയുടെ മടങ്ങി വരവും ജയവും വലിയ ആത്മവിശ്വാസം നൽകും എന്നുറപ്പാണ്. എന്നാൽ നന്നായി കളിച്ചിട്ടും ലീഗിൽ ഏതാണ്ട് തരം താഴ്ത്തൽ ഉറപ്പിച്ച നിരാശയിൽ ആവും നോർവിച്ച്. നിലവിൽ 19 സ്ഥാനത്ത് ഉള്ള വാട്ട്ഫോർഡിനെക്കാൾ 6 പോയിന്റുകൾ പിറകിൽ 18 പോയിന്റുകളും ആയി അവസാന സ്ഥാനത്ത് തുടരുകയാണ് നോർവിച്.