സമീപകാലത്ത് ലെസ്റ്റർ സിറ്റിക്ക് എതിരായ തങ്ങളുടെ മോശം പ്രകടനങ്ങൾക്ക് ഇടവേള നൽകുന്ന പ്രകടനവും ആയി ലിവർപൂൾ. പ്രീമിയർ ലീഗിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് അവർ ലെസ്റ്റർ സിറ്റിയെ ഇന്ന് മറികടന്നത്. ഡീഗോ ജോട്ട നേടിയ ഇരട്ട ഗോളുകൾക്ക് ആണ് ലിവർപൂൾ ജയം കണ്ടത്. സീസണിൽ 11 ഗോളുകൾ ആണ് താരം ഇതോടെ ഇത് വരെ ലീഗിൽ നേടിയത്. ലിവർപൂളിന് ആയി ജനുവരിയിൽ ടീമിൽ എത്തിയ കൊളംബിയൻ താരം ലൂയിസ് ഡിയാസ് ഇന്ന് അരങ്ങേറ്റം കുറിച്ചു. മത്സരത്തിൽ 65 ശതമാനം പന്ത് കൈവശം വച്ച ലിവർപൂൾ വലിയ മാറ്റങ്ങളും ആയി എത്തിയ ലെസ്റ്റർ സിറ്റിക്ക് എതിരെ 22 ഷോട്ടുകൾ ആണ് ആൻഫീൾഡിൽ ഉതിർത്തത്.
ആദ്യ പകുതിയിൽ 34 മത്തെ മിനിറ്റിൽ അലക്‌സാണ്ടർ അർണോൾഡിന്റെ കോർണറിൽ നിന്നു വാൻ ഡെയ്ക്കിന്റെ ഹെഡർ ഷെമയ്ക്കൽ തട്ടി അകറ്റിയെങ്കിലും ജോട്ട അത് ഒരു ഷോട്ടിലൂടെ വലയിൽ എത്തിക്കുക ആയിരുന്നു. തുടർന്നും ലിവർപൂൾ അവസരങ്ങൾ തുറന്നു. എന്നാൽ 87 മത്തെ മിനിറ്റിൽ ആണ് ലിവർപൂളിന്റെ രണ്ടാം ഗോൾ പിറന്നത്. മാറ്റിപ്പിന്റെ പാസിൽ നിന്നു തന്റെ രണ്ടാം ഗോൾ നേടിയ ജോട്ട ലിവർപൂൾ ജയം ഉറപ്പിച്ചു. ആഫ്രിക്കൻ നേഷൻസ് കപ്പിൽ നിന്നു മടങ്ങിയെത്തിയ മുഹമ്മദ് സലാഹ് ഇന്ന് പകരക്കാരൻ ആയി ഇറങ്ങിയിരുന്നു. പ്രതിരോധത്തിൽ വാൻ ഡെയ്ക്കും മധ്യനിരയിൽ തിയാഗോയും മികച്ച പ്രകടനം ആണ് ലിവർപൂളിന് ആയി നടത്തിയത്. ജയത്തോടെ ഒരു മത്സരം കുറവ് കളിച്ച ലിവർപൂൾ ഒന്നാമതുള്ള മാഞ്ചസ്റ്റർ സിറ്റിയും ആയുള്ള പോയിന്റ് വ്യത്യാസം 9 ആയി കുറച്ചു. തോൽവിയോടെ ലെസ്റ്റർ സിറ്റി പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണു.