ലിവർപൂളിന്റെ ഇൻവിൻസിബിൾ സ്വപ്നങ്ങൾക്ക് വാട്ഫോർഡ് അന്ത്യം കുറിച്ചപ്പോൾ ലോകം മുഴുവനുള്ള ഫുട്ബോൾ ആരാധകർ ട്രോളുകളും കഥകളും ആയി സാമൂഹിക മാധ്യമങ്ങളിൽ ആഘോഷിക്കുകയാണ്. ലിവർപൂൾ ആരാധകർക്ക് വലിയ നിരാശ പകർന്ന റിസൾട്ട് മറ്റ് ഏതൊരു ആരാധകരെക്കാളും സന്തോഷം പകർന്നത് ആഴ്സണൽ ആരാധകരെ തന്നെയാണ്. കാരണം അവരുടെ ഏറ്റവും വലിയ നേട്ടം ആയ ഒരു സീസണിൽ മുഴുവൻ പരാജയം അറിയാതെ പ്രീമിയർ ലീഗ് കിരീടം ഉയർത്തിയതും 49 കളികൾ പരാജയം അറിയാതെ കുതിച്ചതും ഒക്കെ ഇന്നും റെക്കോർഡ് ആയി തന്നെ നിൽക്കും എന്നതിനാൽ തന്നെയാണ് ആ സന്തോഷം. അതിനോടൊപ്പം പ്രീമിയർ ലീഗിലെ ഏക സുവർണ കിരീടനേട്ടവും ആഴ്സണലിന് മാത്രം ആയി അവശേഷിക്കും.
കൂടാതെ തുടർച്ചയായ 55 മത്സരങ്ങളിൽ ഗോൾ നേടിയ ആഴ്സണലിന്റെ അരികിൽ എത്താൻ പോലും ക്ലോപ്പിന്റെ ലിവർപൂളിന് ആയില്ല. ഏതാണ്ട് 422 ദിവസങ്ങൾക്ക് ശേഷം 44 മത്സരങ്ങൾക്ക് ശേഷം പോലും ലിവർപൂളിന് എത്തിപ്പെടാൻ പറ്റാത്ത ഉയരത്തിൽ ആണ് ആഴ്സണലിന്റെ വെങറിന്റെ റെക്കോർഡ് എന്നു പറയുമ്പോൾ ആണ് അതിന്റെ വലിപ്പം എന്തെന്ന് മനസ്സിലാവുക. 2002 ൽ ഒരൊറ്റ അവേ മത്സരങ്ങൾ തോൽക്കാതെ കിരീടം ഉയർത്തിയപ്പോൾ ആണ് വെങർ ലീഗിൽ ഒരൊറ്റ മത്സരവും തോൽക്കാതെ കിരീടം നേടാൻ ആവും എന്ന തന്റെ സ്വപ്നം ആദ്യം പരസ്യമാക്കുന്നത്. അടുത്ത സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനു മുമ്പിൽ ലീഗിൽ രണ്ടാമത് ആയപ്പോൾ രൂക്ഷമായ പരിഹാസം ആണ് വെങർക്ക് നേരിടേണ്ടി വന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആവട്ടെ വെങറെ പരിഹസിക്കാൻ ‘കോമാളി വെങർ’ എന്നെഴുതിയ ടീ ഷർട്ട് പോലും ഇറക്കി.
എന്നാൽ തൊട്ടടുത്ത 2004/05 സീസണിൽ ലോകം കണ്ടത് ലോക ഫുട്ബോളിലെ ഏറ്റവും അപൂവമായ കാഴ്ചക്ക് ആയിരുന്നു. പാട്രിക് വിയേര നയിച്ച ലീമാൻ വല കാത്ത ടോറെയും, സാക്ഷാൽ സോൾ കാമ്പലും പ്രതിരോധം തീർത്ത, കോളും ലൗറനും ഇടത് വലത് ബാക്കിൽ നിന്ന് മുന്നോട്ട് കുതിച്ചു, മധ്യനിരയിൽ വിയേരയും ബ്രസീലിയൻ താരം ഗിൽബർട്ടോയും ഭരിച്ച, വിങിൽ വേഗത്തിനു പുതിയ നിർവചനം നൽകി റോബർട്ട് പിറെസും, ഫ്രെഡി ലൂമ്പർഗും കുതിച്ച, ഗോൾ അടിപ്പിച്ചും അടിച്ചും ഡച്ച് മാന്ത്രികൻ ഡെന്നിസ് ബെർകാമ്പ് കളം നിറഞ്ഞ, പിന്നെ ലോക ഫുട്ബോൾ കണ്ട എക്കാലത്തെയും ഏറ്റവും അപകടകാരിയായ തിയറി ഒൻറി എന്ന മുന്നേറ്റനിരക്കാരൻ ദൈവം ആയി മാറിയ ഇൻവിൻസിബിൾസ് എന്ന കാഴ്ച ആയിരുന്നു അത്.
ആദ്യ മത്സരത്തിൽ സൗത്താപ്റ്റനോട് പിറസിന്റെ പെനറ്റിന്റെ ഹാട്രിക്ക് കൊണ്ട് 6-1 ജയത്തോടെ തുടങ്ങിയ ആഴ്സണൽ പിന്നീട് ആ സീസണിലെ 10 മാസം മുഴുവൻ മത്സരങ്ങളിലും അതിനു ശേഷം 12 മത്സരങ്ങളിലും പ്രീമിയർ ലീഗിൽ പരാജയം എന്നത് എന്തെന്ന് അറിഞ്ഞിട്ടില്ല. ബദ്ധവൈരികൾ ആയ ടോട്ടനത്തിന്റെ മൈതാനത്ത് സമനില നേടി കിരീടനേട്ടവും ഇൻവിൻസിബിൾ നേട്ടവും ആഘോഷിച്ച അവർക്ക് നേട്ടം സന്തോഷത്തിന്റെ അത്യുന്നതങ്ങൾ ആണ് നൽകിയത്. ആ സീസണിൽ കളിച്ച 38 ൽ 26 ജയവും 12 എണ്ണത്തിൽ സമനിലയും വഴങ്ങി ആണ് ആഴ്സണൽ കിരീടം ഉയർത്തിയത്. 90 പോയിന്റുകൾ ആയിരുന്നു ആഴ്സണലിന്റെ സമ്പാദ്യം.
വിജയ ആഘോഷത്തിനു ഇടയിൽ തന്നെ പണ്ട് കോമാളി എന്നു വിളിച്ച ടീ ഷർട്ട് കയ്യിൽ എടുത്ത് വെങർ ലോകത്തിനു ആസാധ്യം എന്നത് ഒന്നില്ല എന്നു ഒരിക്കൽ കൂടി തെളിയിച്ചു. തുടർന്നും അടുത്ത സീസണിലും തങ്ങളുടെ കുതിപ്പ് തുടർന്ന ആഴ്സണലിന്റെ വിജയക്കുതിപ്പിന് വിവാദമായ സാഹചര്യങ്ങളിൽ സ്വന്തം മൈതാനത്ത് 2-1 ന്റെ ജയവും ആയി മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് അന്ത്യം കുറിച്ചത്. അതിനു മുമ്പ് ട്രബിൾ നേടിയ സർ അലക്സ് ഫെർഗൂസന്റെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിനെയും, 100 പോയിന്റുകൾ നേടി പ്രീമിയർ ലീഗ് കിരീടം നേടിയ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റിയെയും, നിലവിൽ യൂറോപ്യൻ ചാമ്പ്യന്മാർ കൂടിയായ നിലവിൽ കളിച്ച 28 കളികളിൽ 26 ലും ജയം കണ്ട ക്ലോപ്പിന്റെ ലിവർപൂൾ, മൗറീന്യോയുടെ ആഞ്ചലോട്ടിയുടെ ചെൽസി ടീമുകൾ തുടങ്ങിയ പലരും ഇൻവിൻസിബിളിനെക്കാൾ കേമന്മാർ ആണ് എന്ന വാദം ഉയർത്തുന്ന നിരവധി പേർ ഉണ്ട്.
എന്നാൽ ഏത് ഭാഗ്യത്തിനും അപ്പുറം ഒരൊറ്റ മത്സരത്തിൽ പോലും തോൽവി എന്നത് അറിയാതെ കിരീടം ഉയർത്തുക എന്ന അസാധ്യത്തിൽ ഏറ്റവും അസാധ്യമായത് സ്വന്തമാക്കിയ വെങറുടെ ടീമിന്റെ സ്ഥാനം എന്നും ഇവരെക്കാൾ എല്ലാം മുകളിൽ തന്നെ ആയിരിക്കും. നിരവധി ലോക ഫുട്ബോൾ കണ്ട ഏറ്റവും മഹാന്മാർ ആയ പരിശീലകർക്കോ താരങ്ങൾക്കോ സാധിക്കാത്ത സാധ്യമല്ലെന്ന് ലോകം വിളിച്ചതിനെ സ്വന്തമാക്കിയ അതിനായി സ്വപ്നം കണ്ട് നടത്തിയ ആളുകൾ ആയി തന്നെ ആവും ലോകം ഇൻവിൻസിബിളിനെ ഓർക്കുക. ഇന്ന് ലോകം ആ നേട്ടം എത്രത്തോളം കടുപ്പം ആണ് എന്ന് തിരിച്ചറിയുമ്പോൾ ഒരിക്കൽ കൂടി വെങറിന്റെ ആ ആഴ്സണൽ ടീമിന്റെ മഹത്വം ലോകം തിരിച്ചറിയുക ആണ്. ഒരു സീസണിൽ ഒരു മോശം ദിവസം പോലും ഇല്ലാതാവുക എന്നത് ഇനി ഒരിക്കൽ എങ്കിലും ആർക്കെങ്കിലും സാധിക്കുമോ എന്നു കണ്ട് തന്നെ അറിയണം. തങ്ങളുടെ റെക്കോർഡ് സുരക്ഷിതമായ ആശ്വാസം ട്വിറ്ററിലൂടെ പങ്ക് വച്ച ആഴ്സണലും ലോകം എമ്പാടുമുള്ള ആഴ്സണൽ ആരാധകരും വെങർക്ക് മുന്നിൽ ഒരിക്കൽ കൂടി അവരുടെ നന്ദി രേഖപ്പെടുത്തി.