ചരിത്രത്തിലെ തന്നെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് ലോക ഫുട്‌ബോളിലെ ഏറ്റവും വലിയ ക്ലബുകളിൽ ഒന്നായ ആഴ്സണൽ ഇപ്പോൾ കടന്ന് പോകുന്നത്. നിലവിൽ 25 മത്സരങ്ങൾ കഴിഞ്ഞപ്പോൾ വെറും 31 പോയിന്റുകളുമായി 10 സ്ഥാനത്ത് ആണ് ആഴ്‌സണൽ. പ്രീമിയർ ലീഗ് ചരിത്രത്തിൽ തന്നെ ഈ ഘട്ടത്തിലെ ആഴ്‌സണലിന്റെ ഏറ്റവും മോശം പോയിന്റ് നിലവാരം ആണ് ഇത്തവണത്തേത്. 25 മത്സരങ്ങളിൽ വെറും 6 എണ്ണത്തിൽ മാത്രം ജയം കണ്ട ആഴ്‌സണൽ 6 മത്സരങ്ങളിൽ തോറ്റപ്പോൾ ബാക്കി 13 മത്സരങ്ങളിലും സമനില വഴങ്ങി. പരിശീലകൻ ഉനയ് എമറെയെ പുറത്താക്കിയ ശേഷവും ആഴ്‌സണലിന്റെ പ്രകടനത്തിൽ വലിയ മാറ്റം ഒന്നും ഉണ്ടായിട്ടില്ല. നിലവിലെ പരിശീലകൻ മൈക്കിൾ ആർട്ടറ്റെക്ക് കീഴിൽ ചെറിയ രീതിയിൽ മുന്നേറാൻ ആയിട്ടുണ്ട് എങ്കിലും സമനിലകൾ ആഴ്‌സണലിനെ വിടാതെ പിന്തുടരുകയാണ്. ആർട്ടറ്റെ പരിശീലകൻ ആയ ശേഷം 7 പ്രീമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ മാത്രം ജയിക്കാൻ ആയ ആഴ്‌സണൽ ചെൽസിയോട് ഒരു കളി തോറ്റപ്പോൾ മറ്റ് 5 കളികളിലും സമനില വഴങ്ങി.
നിലവിൽ 25 ൽ 13 ലും സമനില വഴങ്ങിയ ടീം സ്വന്തം മൈതാനത്ത് 5 തവണയും എതിരാളികളുടെ മൈതാനങ്ങളിൽ 8 തവണയും സമനില കുരുക്ക് അറിഞ്ഞു. സീസണിൽ 17 വീതം സമനിലകൾ നേടിയ ന്യൂകാസ്റ്റിൽ(2003-04 സീസൺ), ആസ്റ്റൻ വില്ല(2006-07, 2011-12 സീസണുകൾ), സണ്ടർലാന്റ്(2014-15 സീസൺ) എന്നീ ടീമുകളുടെ പേരിൽ ആണ് സമനിലകളിൽ പ്രീമിയർ ലീഗ് റെക്കോർഡ്. എന്നാൽ ഈ നില തുടർന്നാൽ അധികം വൈകാതെ ആഴ്‌സണൽ ഈ റെക്കോർഡ് പഴങ്കഥ ആക്കും എന്നുറപ്പാണ്. കൂടാതെ സ്വന്തം മൈതാനത്തെയും എതിരാളിയുടെ മൈതാനങ്ങളിലെയും സമനില റെക്കോർഡുകളും ഈ നില തുടർന്നാൽ ആഴ്‌സണൽ മറികടക്കും എന്നുറപ്പാണ്. സമീപഭാവിയിൽ തന്നെ മികച്ച ഫോമിലേക്ക് തിരിച്ചു വന്നു വിജയവഴിയിൽ തിരിച്ച് എത്തിയില്ലെങ്കിൽ പ്രീമിയർ ലീഗിലെ മറ്റൊരു നാണക്കേട് കൂടി ആഴ്‌സണലിന് തലയിൽ ഏറ്റേണ്ടി വരും.