പ്രീമിയർ ലീഗിൽ വോൾവ്സിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു ആഴ്‌സണൽ വിജയ വഴിയിൽ തിരിച്ചെത്തി. ഇതോടെ തങ്ങളുടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പ്രതീക്ഷകൾ ആഴ്‌സണൽ സജീവമാക്കി. 25 മത്തെ മിനിറ്റിൽ പ്രതിരോധനിര താരം ഗബ്രിയേൽ നേടിയ ഏക ഗോളിന് ആണ് ആഴ്‌സണൽ ബ്രൂണോ ലാർജിന്റെ ടീമിനെ വീഴ്ത്തിയത്. ആഴ്‌സണൽ യുവതാരം ഗബ്രിയേൽ മാർട്ടിനെല്ലിക്ക് ചുവപ്പ് കാർഡ് കണ്ടതിനാൽ 10 പേരായിട്ടാണ് ആഴ്‌സണൽ മത്സരം അവസാനിപ്പിച്ചത്. മികച്ച രീതിയിൽ ആണ് ആഴ്‌സണൽ മത്സരം തുടങ്ങിയത്. 25 മത്തെ മിനിറ്റിൽ മാർട്ടിനെല്ലി എടുത്ത കോർണറിൽ നിന്നു ലാകസെറ്റ കീപ്പറുടെ കയ്യിൽ നിന്ന് പന്ത് റാഞ്ചി ഗബ്രിയേലിന് നൽകുക ആയിരുന്നു. ഗോളിന് മുന്നിൽ അനായാസം ലക്ഷ്യം കണ്ട ഗബ്രിയേൽ ആഴ്‌സണലിനെ മുന്നിലെത്തിച്ചു. ഗോൾ കീപ്പറിനെ ലാകസെറ്റ ഫൗൾ ചെയ്തു എന്ന് വോൾവ്സ് താരങ്ങൾ പ്രതിഷേധിച്ചു എങ്കിലും റഫറി ഗോൾ അനുവദിച്ചു. തുടർന്ന് പലപ്പോഴും സ്വന്തം മൈതാനത്ത് അപകടകാരികൾ ആവുന്ന വോൾവ്സിനെ കണ്ടു എങ്കിലും ആഴ്‌സണൽ നന്നായി കളിച്ചു.
എന്നാൽ രണ്ടാം പകുതിയിൽ അടുത്തടുത്ത് രണ്ടു ഫൗൾ വഴങ്ങിയ യുവതാരം മാർട്ടിനെല്ലിക്ക് നേരെ രണ്ടു മഞ്ഞ കാർഡ് ഒരുമിച്ച് റഫറി വീശിയതോടെ ആഴ്‌സണൽ 10 പേരായി ചുരുങ്ങി. താരത്തിനോട് ഒരു ദയയും റഫറി കാണിച്ചില്ല. തുടർന്ന് ലഭിച്ച ഫ്രീകിക്കിൽ നിന്നു ശാക്കയുടെ ദേഹത്ത് തട്ടി പന്ത് വലയിലായി എങ്കിലും അതിനു മുമ്പ് റഫറി ഓഫ് സൈഡ് വിളിച്ചത് ആഴ്‌സണലിന്റെ രക്ഷക്ക് എത്തി. അതിനു ശേഷം ഗബ്രിയേൽ ഒരുക്കിയ ഒരു സുവർണാവസരം ലക്ഷ്യം കാണാൻ ലാകസെറ്റക്ക് ആയില്ല. 10 പേരായ ആഴ്‌സണലിന് എതിരെ വോൾവ്സ് ആക്രമണം അഴിച്ചു വിട്ടെങ്കിലും ആഴ്‌സണൽ പ്രതിരോധം പിടിച്ചു നിന്നു. ഇടക്ക് മാർസലിന്റെ ഷോട്ടിൽ നിന്നു റാമ്സ്ഡേൽ അതുഗ്രൻ രക്ഷപ്പെടുത്തൽ നടത്തി. ഇടക്ക് ഗോൾ ലൈൻ രക്ഷപ്പെടുത്തൽ നടത്തിയ ഹോൾഡിങും ആഴ്‌സണലിന് ആശ്വാസം പകർന്നു. ഒടുവിൽ 10 പേരായിട്ടും ആഴ്‌സണൽ ജയം പിടിച്ചെടുക്കുക ആയിരുന്നു. ജയത്തോടെ ആഴ്‌സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മറികടന്നു അഞ്ചാം സ്ഥാനത്ത് എത്തി. നാലാമതുള്ള 2 കളികൾ അധികം കളിച്ച വെസ്റ്റ് ഹാമിനെക്കാൾ ഒരു പോയിന്റ് മാത്രം പിറകിൽ ആണ് നിലവിൽ ആഴ്‌സണൽ. നിലവിൽ എട്ടാം സ്ഥാനത്ത് ആണ് വോൾവ്സ്.