ഓസ്‌ട്രേലിയൻ ഓപ്പണിന്റെ 2019 എഡീഷനിൽ വനിതാ സിംഗിൾസിൽ ഫൈനലിൽ എത്തിയ പെട്ര ക്വിവിറ്റോവ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ പുതിയതല്ല. ഒരു കവിത പോലെ മനോഹരമായ, ഇടം കൈ കൊണ്ടുള്ള ക്രോസ് കോർട്ട് ഷോട്ടുകളാൽ, വിംബിൾഡൺ പോലുള്ള സ്വപ്നവേദികളിൽ അവർ രചിച്ച ചരിത്രങ്ങൾ ഇന്നും ആരാധകർ മറന്നിട്ടില്ല. ഇടക്കെപ്പഴോ നിറം മങ്ങി പോയിരുന്നെങ്കിലും ആദ്യ പത്തിലേക്കുള്ള തിരിച്ചുവരവിന്റെ പാതയിലായിരുന്നു 2017 വർഷത്തിൽ ക്വിവിറ്റോവ.
പക്ഷേ അറ്റകുറ്റപ്പണിയ്ക്ക് എന്ന വ്യാജേന വീട്ടിലെത്തിയ ഒരു മോഷ്ടാവിന്റെ കത്തി അരിഞ്ഞു വീഴ്ത്തിയത് അവരുടെ ടെന്നീസ് എന്ന സ്വപ്ന ചിറകുകളെ തന്നെയാണ്. ആക്രമിക്കുന്നവർക്ക് മുന്നിൽ എളുപ്പത്തിൽ കീഴ്പ്പെടാതെ, പ്രതിരോധിക്കാൻ ശീലിച്ച ഏതൊരു കായിക താരത്തേയും പോലെ അവരും പ്രതിരോധിക്കാൻ ശ്രമിച്ചു. പക്ഷേ അതിനവർ നൽകിയ വില ഒരുപക്ഷേ അവരുടെ ടെന്നീസ് എന്ന കരിയർ തന്നെയാകുമായിരുന്നു. ഇടം കൈയ്യിലെ അഞ്ച് വിരലുകൾക്കും സാരമായി പരിക്കേറ്റ് ഇനി ടെന്നീസ് സാധ്യമല്ല എന്നു കരുതി 5 മാസം ഒന്നും ചെയ്യാനാകാതെ അവർ വീട്ടിലിരുന്നു. മോണിക്ക സെലസിനെ പോലുള്ളവരുടെ അനുഭവ കഥകൾ ഒരുനിമിഷം അവരുടെ മനസ്സിലൂടെ മിന്നി മറഞ്ഞിരിക്കണം.
ജീവിതത്തിലെ ഏത് വലിയ പ്രതിസന്ധികളേയും അതിജീവിയ്ക്കുക എന്ന പാഠമാണ് ഏതൊരു കായിക വിനോദവും നമ്മെ പഠിപ്പിക്കുന്നത്. സാധ്യമല്ല എന്ന് മനസ്സ് പറയുമ്പോഴും സാധ്യമാണ് എന്നവരുടെ ഹൃദയം മന്ത്രിച്ചു കൊണ്ടേയിരുന്നിരിക്കണം. കോർട്ടിലെ അതേ പോരാട്ട വീര്യം അവരുടെ ഉള്ളിൽ അണയാതെ ജ്വലിച്ചിരിക്കണം. മാച്ച് പോയിന്റുകൾക്ക് മുന്നിൽ നിന്ന് അത്ഭുതകരമായി ജയിച്ചു വരുന്നവരെ പോലെ, എഴുതി തള്ളിയവർക്ക് വിജയത്തോടെ മറുപടി നല്കുന്നവരെ പോലെ അവർ തിരിച്ചു വന്നു. എളുപ്പമായിരുന്നില്ല ഒന്നും. പരാജയങ്ങൾ അവരെ തളർത്തിയില്ല, കൂടുതൽ ആവേശത്തോടെ പരിശീലനം ചെയ്തു, ജയപരാജയങ്ങൾ അല്ല, കോർട്ടിൽ ഇറങ്ങുന്ന ഓരോ നിമിഷവും അവരുടെ വിജയമായി കണ്ടു. പുനർജന്മം എന്ന പോലെ തന്റെ രണ്ടാം കരിയറിൽ അവർ വിജയങ്ങൾ എത്തിപ്പിടിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു ‘കുത്തിൽ’ വിരാമമിടാൻ സാധ്യമല്ലാത്ത, ക്വിവിറ്റോവയുടെ പോരാട്ടം ഒരു കവിത പോലെ ഒഴുകി കൊണ്ടേയിരിക്കും. ഒരുപാട് ആളുകൾക്ക് പ്രചോദനമായി എന്നും ജ്വലിച്ചു കൊണ്ടേയിരിക്കും. ഇനിയില്ലെന്ന് ഉറപ്പിക്കുമ്പോൾ ഇവരെ ഓർക്കുക അത് നിങ്ങളെ മാറ്റിചിന്തിപ്പിച്ചേക്കും. ക്വിവി പുതിയ ആകാശത്തിൽ സ്വച്ഛന്ദം പറന്നു കൊണ്ടേയിരിക്കട്ടെ