പെസ് ചതിച്ചാശാനേ!! അടുത്ത മാർച്ചിൽ മാത്രമേ eFootball മൊബൈലിൽ എത്തു എന്ന് കൊണാമി

Newsroom

മൊബൈൽ ഗെയിമേഴ്സിന് വലിയ നിരാശ നൽകുന്ന വാർത്ത ആണ് വരുന്നത്. പെസ് മൊബൈലിന്റെ പുതിയ വേർഷൻ ആയ eFootball ഈ വർഷം എത്തില്ല. ഈ കഴിഞ്ഞ സെപ്റ്റംബർ മുതൽ ഉടൻ വരും ഉടൻ വരും എന്ന് ആരാധകർ ഒക്കെ കാത്തിരുന്ന ഗെയിം ആണ് ഈ വർഷം ഉണ്ടാകില്ല എന്ന് കൊണാമി ഇന്ന് അറിയിച്ചത്. അടുത്ത മാർച്ചിൽ മാത്രമെ eFootball മൊബൈലിൽ പ്രതീക്ഷിക്കണ്ടു എന്നും അവർ അറിയിച്ചു. ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്ന ഫുട്ബോൾ സീസൺ ആ‌ സമയത്തേക്ക് അവസാനിക്കാൻ ആകും എന്നത് കൊണ്ട് തന്നെ ഈ സീസണിലെ ഒരു ഫീച്ചറും ആസ്വദിക്കാൻ മൊബൈൽ ഗെയിമേഴ്സിന് ആകില്ല.

പുതിയ വേർഷൻ വരാൻ ഇത്രയും വൈകുന്നതിന് കൊണാമി ഗെയിമേഴ്സിനോട് മാപ്പു പറഞ്ഞു. അവസാന കുറേ വർഷമായുള്ള ഗെയിമിങ് രീതികൾ മാറ്റി പുതിയ മുഖവുമായാണ് പെസ് eFootball ആയി മാറാൻ തീരുമാനിച്ചത്. പെസ് മൊബൈലിന് ഒരുപാട് പോരായ്മകൾ ഉള്ളത് കൊണ്ട് തന്നെ eFootballനെ ഒരു പരിഹാരമായാണ് ആരാധകർ കാത്തിരുന്നത്. ഇനി അടുത്ത മാർച്ച് വരെ ഗ്ലിചുകളോടെ പെസ് 2021 തന്നെ എല്ലാവരും കളിക്കേണ്ടി വരും.