ലാറ്റിൻ അമേരിക്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു പ്ലെ ഓഫ് സ്ഥാനം സ്വന്തമാക്കി പെറു. ജയത്തോടെ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനം കരസ്ഥമാക്കിയ അവർ ഇതോടെ ഇന്റർ കോൺഫെഡറേഷൻ പ്ലെ ഓഫ് കളിക്കാൻ യോഗ്യത നേടി. നിർണായക മത്സരത്തിൽ സ്വന്തം മൈതാനത്ത് അഞ്ചാം മിനിറ്റിൽ തന്നെ പെറു മുന്നിലെത്തി. ക്രിസ്റ്റിയൻ ചുവെയുടെ പാസിൽ നിന്നു ഇറ്റലിക്ക് പകരം പെറുവിനെ തിരഞ്ഞെടുത്ത ജിയാൻലൂക്ക ലാപഡുലയാണ് അവരുടെ ഗോൾ നേടിയത്. തുടർന്ന് 42 മത്തെ മിനിറ്റിൽ യാഷിമർ യോറ്റൻ പെറു ജയം ഉറപ്പിക്കുന്ന ഗോളും നേടി. ജയത്തോടെ പെറു പ്ലെ ഓഫ് സ്ഥാനം ഉറപ്പിച്ചു.
പെറു ജയിച്ചതോടെ കൊളംബിയൻ പ്രതീക്ഷകൾ അവസാനിച്ചു. യോഗ്യതയിൽ തങ്ങളുടെ അവസാന മത്സരത്തിൽ വെനസ്വേലയെ ഒരു ഗോളിന് തോൽപ്പിക്കാൻ അവർക്ക് ആയെങ്കിലും പോയിന്റ് ടേബിളിൽ ആറാം സ്ഥാനത്ത് പെറുവിനു ഒരു പോയിന്റ് പിന്നിൽ ആയാണ് കൊളംബിയ യോഗ്യത അവസാനിപ്പിച്ചത്. വെനസ്വേലയെ ആദ്യ പകുതിയിൽ ഹാമസ് റോഡ്രിഗസ് നേടിയ പെനാൽട്ടിയിൽ ആണ് കൊളംബിയ മറികടന്നത്. അതേസമയം ചിലിയും ഖത്തർ ലോകകപ്പിന് ഉണ്ടാവില്ല. ജയിച്ചാൽ നേരിയ പ്രതീക്ഷ ഉണ്ടായിരുന്ന അവർ അവസാന യോഗ്യത മത്സരത്തിൽ ലോകകപ്പ് യോഗ്യത ഉറപ്പിച്ച ഉറുഗ്വേയോട് 2-0 നു പരാജയപ്പെട്ടു. ഇതോടെ ആറാമത് ആയാണ് അവർ യോഗ്യത മത്സരങ്ങൾ അവസാനിപ്പിച്ചത്. അവസാന നിമിഷങ്ങളിൽ സ്വന്തം മൈതാനത്ത് ലൂയിസ് സുവാരസ്, ഫെഡറിക്കോ വാൽവെർഡെ എന്നിവരുടെ ഗോളുകൾക്ക് ആണ് ചിലി പരാജയം അറിഞ്ഞത്. ഇതോടെ ഹാമസ് റോഡ്രിഗസ്, അലക്സിസ് സാഞ്ചസ്, ലൂയിസ് ഡിയാസ് തുടങ്ങിയ പല പ്രമുഖ താരങ്ങളും ഖത്തർ ലോകകപ്പിന് ഉണ്ടാവില്ല.