അങ്ങനെ അവസാനം ഇംഗ്ലണ്ടിനെ പെനാൾട്ടി ചതിച്ചില്ല!!! പ്രീക്വാർട്ടറിൽ കൊളംബിയക്കെതിരെ ഇറങ്ങുമ്പോൾ സൗത്ഗേറ്റിന്റെയും ഇംഗ്ലണ്ടിന്റെയും ഏറ്റവും വലിയ പേടി പെനാൾട്ടി തന്നെ ആയിരുന്നിരിക്കണം. ഇംഗ്ലണ്ടിന്റെ ചരിത്രം അതായിരുന്നു. പെനാൾട്ടി വരല്ലേ എന്ന് എല്ലാവരും പ്രാർത്ഥിച്ചെങ്കിലും യെറി മിനയുടെ അവസാന മിനുട്ടിലെ ഹെഡർ കളി പെനാൾട്ടിയിൽ തന്നെ എത്തിച്ചു.
12 വർഷത്തിനിടെയുള്ള ആദ്യ നോക്കൗട്ട് വിജയത്തിന് കുറുകെ ഒരു പെനാൾട്ടി ശാപം. ഇംഗ്ലീഷ് ആരാധകർ പ്രതീക്ഷ ഒക്കെ കൈവിട്ടിരുന്നു. പക്ഷെ ഇത്തവണ പെനാൾട്ടി എടുക്കാൻ പഠിച്ചു തന്നെയായിരുന്നു ഇംഗ്ലണ്ട് വന്നത്. ടൂർണമെന്റിൽ മൂന്ന് പെനാൾട്ടി ഇതിനകം തന്നെ വലയിൽ എത്തിച്ച കെയിൻ തന്നെ ഷൂട്ടൗട്ടിലെ ആദ്യ പെനാൾട്ടിയും ലക്ഷ്യത്തിൽ എത്തിച്ചു. പിറകെ യുവതാരം റാഷ്ഫോർഡിന്റെയും എണ്ണം പറഞ്ഞ പെനാൾട്ടി. പക്ഷെ സ്കോർ 2-2ൽ നിൽക്കുമ്പോൾ ഹെൻഡേഴ്സന്റെ കിക്ക് പിഴച്ചു. പഴയ ബോംബ് കഥ തന്നെയെന്ന് കണ്ടു നിന്നവർക്ക് ഒക്കെ തോന്നി. പക്ഷെ 3-2ന് മുന്നിലേക്ക് പോകാനുള്ള അവസരം കൊളംബിയ കളഞ്ഞു. ഒന്നല്ല രണ്ട് പെനാൾട്ടികളാണ് തുടർച്ചയായി കൊളംബിയ നഷ്ടമാക്കിയത്. അവസാനം എറിക് ഡയറിന്റെ പെനാൾട്ടി വലക്ക് അകത്തായറപ്പോൾ 4-2ന് ഇംഗ്ലീഷ് ജയം.
ലോക ഫുട്ബോളിൽ തന്നെ ഏറ്റവും മോശം പെനാൾട്ടി ഷൂട്ടൗട്ട് റെക്കോർഡായൊരുന്നു ഇംഗ്ലീഷ് നിരയ്ക്ക് ഉണ്ടായിരുന്നത്. അതിനെയാണ് ഇംഗ്ലണ്ട് മറികടന്നത്. ഇന്നത്തെ പെനാൾട്ടിക്ക് മുമ്പ് 8 പെനാൾട്ടി ഷൂട്ടൗട്ടുകളിൽ ഇംഗ്ലണ്ട് യൂറോ കപ്പിലും ലോകകപ്പിലുമായി എത്തിയിരുന്നു. അതിൽ ഏഴിലും ഇംഗ്ലണ്ട് പരാജയപ്പെടുകയായിരുന്നു. ലോകകപ്പിൽ പെനാൾട്ടി ഷൂട്ടൗട്ടിൽ ഇംഗ്ലീഷ് നിരയുടെ ആദ്യ വിജയവുമാണിത്. 1990, 1998, 2006 ലോകകപ്പുകളിൽ ആയിരുന്നു ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ പെനാൾട്ടി ദുരന്തങ്ങൾ.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial