ഒരു റണ്‍സിന്റെ ആവേശ ജയം, പ്ലേ ഓഫ് ഉറപ്പാക്കി പാട്രിയറ്റ്സ്

Sports Correspondent

ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെ ഒരു റണ്‍സിന്റെ ആവേശകരമായ വിജയം കുറിച്ച് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്ന് തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ വിജയം ഉറപ്പാക്കിയ ടീം ഇതോടെ പ്ലേ ഓഫിലേക്ക് കടന്നു. ആദ്യം ബാറ്റ് ചെയ്ത സെയിന്റ് കിറ്റ്സ് 149/7 എന്ന സ്കോര്‍ നേടിയപ്പോള്‍ ബാര്‍ബഡോസ് 148 റണ്‍സിന് 20 ഓവറില്‍ ഔട്ട് ആയി. അവസാന ഓവറില്‍ 12 റണ്‍സ് നേടേണ്ടിയിരുന്ന ടീമിന്റെ കൈവശം രണ്ട് വിക്കറ്റാണുണ്ടായിരുന്നത്. ഓവറിന്റെ മൂന്നാം പന്തില്‍ 18 പന്തില്‍ നിന്ന് 34 റണ്‍സ് നേടിയ റേയ്മണ്‍ റീഫര്‍ റണ്ണൗട്ടായതാണ് ബാര്‍ബഡോസിന് തിരിച്ചടിയായത്. അവസാന പന്തില്‍ ലക്ഷ്യം 2 റണ്‍സായിരുന്നുവെങ്കിലും ഹാരി ഗുര്‍ണേയെ ബൗള്‍ഡാക്കി ഡ്രേക്സ് പാട്രിയറ്റ്സിന് വിജയം നല്‍കി.

53 റണ്‍സ് നേടിയ ഷമാര്‍ ബ്രൂക്സും 20 വീതം റണ്‍സുമായി ഡെവണ്‍ തോമസ്, ഫാബിയന്‍ അല്ലെന്‍ എന്നിവര്‍ മാത്രമാണ് പാട്രിയറ്റ്സ് ബാറ്റ്സ്മാന്മാരില്‍ തിളങ്ങിയത്. രണ്ട് വീതം വിക്കറ്റുമായി ഹെയ്ഡന്‍ വാല്‍ഷും ഹാരി ഗുര്‍ണേയും ബാര്‍ബഡോസിനായി തിളങ്ങി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാര്‍ബഡോസിനായി ഷാക്കിബ് അല്‍ ഹസന്‍ 38 റണ്‍സുമായി ടോപ് ഓര്‍ഡറില്‍ തിളങ്ങിയപ്പോള്‍ 18 പന്തില്‍ 34 റണ്‍സുമായി റേയ്മണ്‍ റീഫര്‍ അവസാന ഓവറുകളില്‍ ടീമിന് പ്രതീക്ഷ നല്‍കി. എന്നാല്‍ താരം അവസാന ഓവറില്‍ പുറത്തായപ്പോള്‍ ടീം വിജയം കൈവിട്ടു. 3 വീതം വിക്കറ്റ് നേടിയ ഷെല്‍ഡണ്‍ കോട്രെല്ലും കാര്‍ലോസ് ബ്രാത്‍വൈറ്റുമാണ് പാട്രിയറ്റ്സ് ബൗളര്‍മാരില്‍ തിളങ്ങിയത്.