162 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയ കൊല്‍ക്കത്ത ഒരു ഘട്ടത്തിൽ 101/5 എന്ന നിലയിലേക്ക് വീണുവെങ്കിലും ക്ഷണ നേരം കൊണ്ട് കാര്യങ്ങള്‍ മാറ്റി മറിച്ച് പാറ്റ് കമ്മിന്‍സ്. 14 പന്തിൽ തന്റെ അര്‍ദ്ധ ശതകം തികച്ച പാറ്റ് കമ്മിന്‍സ് കൊല്‍ക്കത്തയെ 16 ഓവറിൽ അഞ്ച് വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
ഡാനിയേൽ സാംസ് എറിഞ്ഞ 16ാം ഓവറിൽ 4 സിക്സും രണ്ട് ഫോറും അടക്കം 35 റൺസ് പിറന്നപ്പോള്‍ കമ്മിന്‍സ് 15 പന്തിൽ 56 റൺസുമായി പുറത്താകാതെ നിന്നു. വെങ്കിടേഷ് അയ്യര്‍ 41 പന്തിൽ നിന്ന് 50 റൺസ് നേടി നിര്‍ണ്ണായക ഇന്നിംഗ്സ് കളിച്ചു.
റസ്സൽ പുറത്തായ ശേഷം ക്രീസിലെത്തിയ പാറ്റ് കമ്മിന്‍സ് കൂറ്റനടികള്‍ തുടങ്ങിയപ്പോള്‍ 30 പന്തിൽ 35 റൺസായിരുന്നു കൊല്‍ക്കത്ത നേടേണ്ടിയിരുന്നത്. ഡാനിയേൽ സാംസ് എറിഞ്ഞ 16ാം ഓവറിൽ പാറ്റ് കമ്മിന്‍സ് ഉഗ്രരൂപം പൂണ്ടപ്പോള്‍ 35 റൺസാണ് ഓവറിൽ പിറന്നത്.
കൊല്‍ക്കത്തയ്ക്കെതിരെ കൃത്യമായ ഇടവേളകളിൽ വിക്കറ്റുകളുമായി മുംബൈ സമ്മര്‍ദ്ദം സൃഷ്ടിച്ചുവെങ്കിലും ഈ സമ്മര്‍ദ്ദത്തിന് പാറ്റ് കമ്മിന്‍സ് ക്രീസിലെത്തുന്നത് വരെ മാത്രമാണ് ആയുസ്സുണ്ടായിരുന്നത്.