പാരീസ് 1000 മാസ്റ്റേഴ്സ് സെമിഫൈനലിലേക്ക് മുന്നേറി പാരീസിൽ ആദ്യ കിരീടം ലക്ഷ്യം വക്കുന്ന ഒന്നാം സീഡ് റാഫേൽ നദാൽ. ക്വാർട്ടർ ഫൈനലിൽ ഒമ്പതാം സീഡ് ആയ നാട്ടുകാരൻ പാബ്ലോ കരേനോ ബുസ്റ്റയെ ആദ്യ സെറ്റ് നഷ്ടമായ ശേഷം തിരിച്ചു വന്നാണ് നദാൽ വീഴ്‌ത്തിയത്. ആദ്യ സെറ്റിൽ ബ്രൈക്ക് കണ്ടത്തി സെറ്റ് 6-4 നു നേടിയ ബുസ്റ്റ നദാലിനെ സമ്മർദ്ദത്തിലാക്കി. എന്നാൽ തിരിച്ചു വന്ന നദാൽ രണ്ടാം സെറ്റിൽ ബസ്റ്റയുടെ അവസാന സർവീസ് ബ്രൈക്ക് ചെയ്തു സെറ്റ് 7-5 നു നേടി മത്സരം മൂന്നാം സെറ്റിലേക്ക് നീട്ടി. മൂന്നാം സെറ്റിൽ പൂർണ മികവിലേക്ക് ഉയർന്ന നദാൽ സെറ്റ് 6-1 നു നേടി സെമിഫൈനൽ ഉറപ്പിച്ചു. സെമിഫൈനലിൽ നാലാം സീഡ് ആയ ജർമ്മൻ താരം അലക്‌സാണ്ടർ സെരവ് ആണ് നദാലിന്റെ എതിരാളി. പന്ത്രണ്ടാം സീഡ് സ്റ്റാൻ വാവറിങ്കയെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെരവ് വീഴ്‌ത്തിയത്. മത്സരത്തിൽ 8 ഏസുകൾ ഉതിർത്ത സെരവ് 2 ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ വാവറിങ്കയുടെ സർവീസ് ഭേദിച്ചു. ആദ്യ സെറ്റ് 6-3 നു നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ നേടിയാണ് സെമിഫൈനൽ ഉറപ്പിച്ചത്.
പാരീസിൽ രണ്ടാം സെമിഫൈനലിൽ മൂന്നാം സീഡ് റഷ്യയുടെ ഡാനിൽ മെദ്വദേവ് പത്താം സീഡ് ആയ കനേഡിയൻ താരം മിലോസ് റയോണിക്കിനെ നേരിടും. ആറാം സീഡ് ആയ അർജന്റീനയുടെ ഡീഗോ ഷ്വാർട്ട്സ്മാനെ 6-3, 6-1 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് മെദ്വദേവ് സെമിഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ പൂർണ്ണ ആധിപത്യം നേടിയ റഷ്യൻ താരം 8 ഏസുകൾ ഉതിർക്കുകയും എതിരാളിയെ 4 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. അതേസമയം ഫ്രഞ്ച് താരം ഉഗോ ഹുമ്പർട്ടിനു എതിരെ മാച്ച് പോയിന്റ് രക്ഷിച്ച ശേഷമാണ് റയോണിക് സെമിയിൽ എത്തിയത്.മത്സരത്തിൽ 25 ഏസുകൾ ഉതിർത്ത റയോണിക് ആദ്യ സെറ്റ് 6-3 നു വഴങ്ങിയ ശേഷം രണ്ടാം സെറ്റ് 6-3 നു നേടി മത്സരത്തിൽ തിരിച്ചു വന്നു. കടുത്ത പോരാട്ടം കണ്ട മൂന്നാം സെറ്റിൽ ഇരു താരങ്ങളും ബ്രൈക്ക് ഒന്നും വഴങ്ങാതിരുന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിൽ വലിയ വെല്ലുവിളി അതിജീവിച്ച ശേഷമാണ് റയോണിക് സെമിഫൈനൽ ഉറപ്പിച്ചത്.