ടോക്കിയോ പാരാ ഒളിമ്പിക്സ് ഇന്ത്യയുടെ കായിക ചരിത്രത്തിലെ നാഴികക്കല്ല് ആവും വിധം പ്രാധാന്യം ഉള്ളത് ആവും എന്നതിൽ സംശയമില്ല. കാരണം അത്രക്ക് അവിസ്മരണീയ പ്രകടനം ആണ് ഇന്ത്യൻ താരങ്ങൾ ടോക്കിയോയിൽ നടത്തിയത്. ഇത് വരെയുള്ള പാരാ ഒളിമ്പിക്സ് ചരിത്രത്തിൽ തന്നെ ആകെ 4 വീതം സ്വർണം, വെള്ളി, വെങ്കലം എന്നിവ അടക്കം 12 മെഡലുകൾ മാത്രം ഉണ്ടായിരുന്ന ഇന്ത്യ ടോക്കിയോയിൽ മാത്രം നേടിയത് 5 സ്വർണം അടക്കം 19 മെഡലുകൾ ആണ് എന്നറിയുമ്പോൾ ആണ് ഇന്ത്യൻ നേട്ടത്തിന്റെ വലിപ്പം അറിയുക. 5 സ്വർണവും 8 വെള്ളിയും 6 വെങ്കലവും അടക്കം 19 മെഡലുകൾ നേടിയ ഇന്ത്യ ചൈന, ബ്രിട്ടൻ, അമേരിക്ക എന്നിവ യഥാക്രമം ഒന്നു മുതൽ മൂന്നു വരെയുള്ള മെഡൽ പട്ടികയിൽ 24 സ്ഥാനവും നേടി. പാരാ ഒളിമ്പിക്‌സിൽ ആകെ മെഡൽ നേട്ടം 12 ൽ നിന്നു ഒറ്റയടിക്ക് ഇന്ത്യ 31 ലേക്ക് ആയാണ് ഉയർത്തിയത്.
ഷൂട്ടിങിൽ സ്വർണം നേടിയ ആവണി ലെഖാര വെങ്കലവും നേടി ആദ്യമായി ഒരു പാരാ ഒളിമ്പിക്‌സിൽ 2 മെഡലുകൾ നേടുന്ന ഇന്ത്യൻ വനിത താരമായപ്പോൾ ജാവലിനിൽ സുമിത് അന്തിൽ, ഷൂട്ടിങിൽ മനീഷ് നർവാൾ, ബാഡ്മിന്റണിൽ എസ്.എൽ 3 ഇനത്തിൽ പ്രമോദ് ഭഗത്, എസ്.എൽ 6 ഇനത്തിൽ കൃഷ്ണ നഗർ എന്നിവർ ആണ് ഇന്ത്യക്ക് ആയി സ്വർണം നേടിയത്. ടേബിൾ ടെന്നീസിൽ ഭവാനിബൻ പട്ടേൽ, ഹൈജംപിൽ ടി.47 വിഭാഗത്തിൽ നിഷാദ് കുമാർ, ജാവലിനിൽ ദേവേന്ദ്ര ജാജ്ഹരിയ, ഡിസ്കസിൽ യോഗേഷ് കത്തുനിയ, ഷൂട്ടിങിൽ സിങ്കരാജ് അധാന, ഹൈജംപിൽ ടി.63 വിഭാഗത്തിൽ മാരിയപ്പൻ തങ്കവേൽ, ഹൈജംപിൽ ടി.64 വിഭാഗത്തിൽ പ്രവീൺ കുമാർ, ബാഡ്മിന്റൺ എസ്.എൽ 4 വിഭാഗത്തിൽ സുഹാസ് യതിരാജ് എന്നിവർ ആണ് ഇന്ത്യക്ക് ആയി വെള്ളി മെഡൽ നേടിയത്.
വെള്ളിക്ക് പുറമെ സിങ്കരാജ് അധാന ഷൂട്ടിങിൽ ഇന്ത്യക്ക് വെങ്കലവും സമ്മാനിച്ചു. ആവണി ലെഖാര ഷൂട്ടിങിൽ സ്വർണവും ഒപ്പം വെങ്കലവും നേടി. ഇവർ കൂടാതെ ജാവലിനിൽ സുന്ദർ സിങ് ഗുജാർ, ഹൈജംപ് ടി.63 വിഭാഗത്തിൽ ശരത് കുമാർ, ബാഡ്മിന്റൺ എസ്.എൽ 3 വിഭാഗത്തിൽ മനോജ് സർക്കാർ ഒപ്പം അമ്പയ്ത്തിൽ പാരാ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ മെഡൽ നേടിയ ഹർവീന്ദർ സിംഗ് എന്നിവർ ആണ് ഇന്ത്യക്ക് ആയി വെങ്കല മെഡലുകൾ നേടിയവർ. ടോക്കിയോ ഒളിമ്പിക്‌സിലും ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനം ആണ് നടത്തിയത്. ഉറപ്പായിട്ടും ചിലപ്പോൾ കോവിഡ് കാരണം വൈകി നടന്ന ടോക്കിയോ ഒളിമ്പിക്സ്, പാരാ ഒളിമ്പിക്സ് എന്നിവ ഇന്ത്യയുടെ കായിക ചരിത്രത്തിന്റെ ഗതി തന്നെ മാറ്റിയേക്കും എന്നുറപ്പാണ്. ഉറപ്പായും ടോക്കിയോക്ക് പിന്മുറക്കാരെയാവും ഇന്ത്യ ഇനിയുള്ള ഒളിമ്പിക്സ്, പാരാ ഒളിമ്പിക്സ് എന്നിവയിൽ തേടുക.