പാരാ ഒളിമ്പിക്‌സിൽ ഇന്ത്യൻ പടയോട്ടം തുടരുന്നു. പാരാ ഒളിമ്പിക്സിൽ ആദ്യമായി ഉൾപ്പെടുത്തിയ ബാഡ്മിന്റണിൽ ഇന്ത്യക്ക് സ്വർണം നേടി കൊടുത്തു ലോക ഒന്നാം നമ്പർ താരം പ്രമോദ് ഭഗത്. 4 തവണ ലോക ചാമ്പ്യനും ഏഷ്യൻ ചാമ്പ്യനും ആയ പ്രമോദ് തന്റെ മികവ് പാരാ ഒളിമ്പിക്‌സിലും പുറത്ത് എടുത്തു. എസ്.എൽ 3 വിഭാഗത്തിൽ ഫൈനലിൽ ബ്രിട്ടീഷ് താരം ഡാനിയേലിനെ 21-14, 21-17 എന്ന സ്കോറിന് ആണ് പ്രമോദ് തോൽപ്പിച്ചത്. ഇന്ത്യ ഇന്ന് നേടുന്ന രണ്ടാമത്തെ സ്വർണം ആണിത്. സ്വർണം തന്റെ പരിശീലകനും ടീമിനും ഒപ്പം ആഘോഷിക്കുകയും ചെയ്തു താരം.
അതേസമയം ഈ ഇനത്തിൽ വെങ്കലവും ഇന്ത്യൻ താരത്തിന് ആണ്. സെമിയിൽ പ്രമോദിനോട് തോറ്റ മനോജ് സർക്കാർ വെങ്കല മെഡൽ മത്സരത്തിൽ ജപ്പാൻ താരം ഫുജിഹാരയെ 22-20, 21-13 എന്ന സ്കോറിന് തോൽപ്പിച്ചാണ് വെങ്കലം നേടിയത്. ബാഡ്മിന്റണിൽ ഇന്ത്യൻ ആധിപത്യം അടിവര ഇടുക ആയിരുന്നു ഇത്. ഇതോടെ ടോക്കിയോ പാരാ ഒളിമ്പിക്‌സിൽ ഇന്ത്യൻ മെഡൽ നേട്ടം 17 ആയി. ഇതിൽ 4 സ്വർണവും ഉൾപ്പെടും. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനവും ആയി ടോക്കിയോ ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും നിർണായക സ്ഥാനം പിടിക്കുക ആണ് ഇതോടെ.