പാരാ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് അമ്പയ്ത്തിൽ ചരിത്രത്തിൽ ആദ്യ മെഡൽ സമ്മാനിച്ചു ഹർവീന്ദർ സിംഗ്. പുരുഷന്മാരുടെ റിക്വർവ് വിഭാഗത്തിൽ വെങ്കല മെഡൽ ആണ് ഹർവീന്ദർ സിംഗ് നേടിയത്. ലോക 23 റാങ്കുകാരനായ ഹർവീന്ദർ സിംഗ് കൊറിയൻ താരമായ കിം മിൻ സുവിനെ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ ത്രില്ലറിൽ ഷൂട്ട് ഓഫിൽ ആണ് ഇന്ത്യൻ താരം മറികടന്നത്. 5-5 ആയി അവസാനിച്ച മത്സരത്തിൽ ഷൂട്ട് ഓഫിൽ 10 പോയിന്റ് നേടിയ ഇന്ത്യൻ താരത്തിന് എതിരെ 8 പോയിന്റ് മാത്രം ആണ് കിമ്മിനു നേടാൻ ആയത്.
ടോക്കിയോ പാരാ ഒളിമ്പിക്‌സിൽ ഇന്ത്യ നേടുന്ന 13 മത്തെ മെഡൽ ആണ് ഇത്. അമ്പയ്ത്തിലെ വലിയ ശക്തികൾ ആയ കൊറിയക്ക് എതിരായ ജയം ഇന്ത്യക്ക് ഇരട്ടിമധുരം ആണ് പകരുക. 31 കാരനായ സിംഗ് 2018 ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയിരുന്നു. തന്റെ പരിശീലകർക്കും ടീമിനും വലിയ നന്ദി രേഖപ്പെടുത്തിയ സിംഗ് ഇത് ടീം വിജയം ആണെന്നും കൂട്ടിച്ചേർത്തു. നേരത്തെ ആദ്യ റൗണ്ടുകളിലും 3 ഷൂട്ട് ഓഫുകളിലൂടെയാണ് ഹർവീന്ദർ സിംഗ് സെമി വരെ എത്തിയത് എന്നത് താരത്തിന്റെ മനക്കരുത്ത് കാണിക്കുന്നു.